?????????, ??????

ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് യുവതിക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ

കുറ്റ്യാടി: ഏഴുമാസം ഗര്‍ഭിണിയായ യുവതിക്ക്  ശിശുവിനെ പുറത്തെടുത്ത് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരനിലയിലായ തൊട്ടില്‍പാലം കൂടലില്‍ കണ്ണന്‍ -ഏലമ്മ ദമ്പതികളുടെ ഏക മകള്‍ അനുമോള്‍ക്കാണ് (28) കോഴിക്കോട് മിംസ് ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. ഭര്‍ത്താവ് കല്ലാച്ചി കൈതക്കോട്ടിയല്‍ സുഭാഷാണ് പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം കരള്‍ പകുത്തുനല്‍കിയത്.

ഡോ. സജേഷ് സഹദേവനും സംഘവുമാണ് പതിനെട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ആദ്യം അനുമോളുടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്ത് ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് സുഭാഷിന്‍െറ കരള്‍ പകുത്ത് അനുമോള്‍ക്ക് വെച്ചുപിടിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ആരംഭിച്ച ശസ്ത്രക്രിയകള്‍ പിറ്റേന്ന്  രാവിലെ 10 മണിക്കാണ് അവസാനിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന അനുമോളെ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മിംസിലേക്ക് മാറ്റിയത്. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കരള്‍ നല്‍കാന്‍ സുഭാഷ് സന്നദ്ധനാവുകയായിരുന്നു. ഗര്‍ഭിണിക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. അനുമോളുടെ രണ്ടാമത്തെ പ്രസവമാണിത്.  മാസം തികയാത്തതിനാല്‍ കുഞ്ഞിനെ ഒരു മാസത്തോളം ഇന്‍ക്യുബേറ്ററില്‍ വെക്കണം. അനുമോള്‍ക്കും ബസ് കണ്ടക്ടറായ സുഭാഷിനും മാസത്തോളം ചികിത്സയും വിശ്രമവും വേണം. ശസ്ത്രക്രിയകള്‍ക്കും മറ്റുമായി 30 ലക്ഷത്തോളം രൂപ ചെലവുവരും.

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ജി. ജോര്‍ജ് ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ജോര്‍ജ് കണ്‍വീനറും വി.പി. സുരേഷ് ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. ഫെഡറല്‍ ബാങ്ക് തൊട്ടില്‍പാലം ശാഖയില്‍ 117201021345 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC: FDRL0001172

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.