എന്‍ഡോസള്‍ഫാൻ: ദുരിത ബാധിതർ ചികിത്സക്കെടുത്ത വായ്പക്ക് സർക്കാർ മോറട്ടോറിയം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ചികിത്സക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ട തീയതി മുതല്‍ മൂന്നു മാസത്തേക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2ന്‍റെ 25 സൂപ്പര്‍ ന്യൂമററി  തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

കൊച്ചി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നു പേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്തു. റിട്ട. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ എം. രാജേന്ദ്രന്‍നായര്‍, ഡി പ്രേമചന്ദ്രന്‍, പി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്.

ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് തീര്‍ഥാടനവുമായി നേരിട്ട് ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 8943.54 ലക്ഷം രൂപക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കും. ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തില്‍പ്പെടും.

പത്തനംതിട്ട റാന്നിയില്‍ ജലവിഭവ വകുപ്പിന്‍റെ കൈവശമുള്ള 74.90 ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കി. ഇവിടെ ഗവണ്‍മെന്‍റ് ഐ.ടി.ഐ സ്ഥാപിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.

കോട്ടയം ജില്ലയിലെ മീനച്ചലില്‍ ജലവിഭവ വകുപ്പിന്‍റെ കൈവശമുള്ള 1.82 ഏക്കര്‍ ഭൂമി റവന്യു വകുപ്പില്‍ നിക്ഷ്പിതമാക്കി. ഇവിടെ ആധുനിക ഡ്രൈവര്‍ ടെസ്റ്റിങ് യാഡ് നിര്‍മിക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മോട്ടോര്‍ വാഹന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു.

കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങാൻ ഉദ്ദേശിക്കുന്ന 184.28 ആര്‍ ഭൂമിയുടെ ആധാര രജിസ്ട്രേഷനുള്ള മുദ്രവിലയും രജിസ്ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 13,34,359 രൂപ (പതിമൂന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി അമ്പത്തി ഒമ്പത് രൂപ മാത്രം) ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മറ്റു തീരുമാനങ്ങൾ

  • അപകടത്തെത്തുടര്‍ന്ന് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ മാവേലിക്കര കണ്ണമംഗലം വടക്ക് അശ്വതി വീട്ടില്‍ ലേഖ. എം. നമ്പൂതിരിയുടെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു. പട്ടാമ്പി സ്വദേശി ഷാഫിക്ക് കിഡ്‌നി ദാനം ചെയ്ത വ്യക്തിയാണ് ലേഖ എം നമ്പൂതിരി.
  • എറണാകുളം നോര്‍ത്ത് പറവൂര്‍ നന്ത്യാട്ടുകുന്നം ചിറയ്ക്കല്‍ വീട്ടില്‍ സന്തോഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  •  അക്യൂട്ട് മൈലോമിഡ് ലൂക്കേമിയ ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് മലപ്പട്ടം കാര്യാടത്ത് അഞ്ജു ഗംഗാധരന്റെ ചികിത്സാ ചെലവിലേക്ക് മൂന്ന് ലക്ഷം രൂപാ അനുവദിച്ചു.
  • ആലപ്പുഴ മണ്ണഞ്ചേരി ചേന്നനാട്ട് വെളി വീട്ടില്‍ കലേഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  • കോഴിക്കോട് വടകര വൈക്കിലാശ്ശേരി പടിഞ്ഞാറെ കോമപ്പന്‍ കണ്ടിയില്‍ ശശിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  • ആലപ്പുഴ ചേര്‍ത്തല നമ്പിശ്ശേരി വീട്ടില്‍ അജയന്റെ മകള്‍ ആദ്യയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  •  എറണാകുളം പിറവം മയിലാടി മലയില്‍ സന്തോഷിന്റെ ഭാര്യ രമ്യയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  •  കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പുതുവല്‍ വീട്ടില്‍ ഷിബുവിന്റെ മകന്‍ സായി കൃഷ്ണയുടെ ചികിത്സാ ചെലവിലേക്കായി ഒരു ലക്ഷം രൂപാ അനുവദിച്ചു.   
  •  വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് കൊളത്തറ എടോടിപ്പറമ്പ് വാരാടന്‍ ഹൗസില്‍ നൂജ നഷ്‌റ (അഞ്ചര വയസ്സ്) യുടെ കുടുംബത്തിന്്് മൂന്ന് ലക്ഷം രൂപ അനുവദിച്ചു.  
  •  വഞ്ചിമറിഞ്ഞ് മരിച്ച തൃശ്ശൂര്‍ അഴീക്കോട് പുത്തന്‍പള്ളി അഞ്ചരശ്ശേരി പത്മനാഭന്‍, അഴീക്കോട് പുത്തന്‍പളളി ബീച്ച് പണ്ടാലപ്പറമ്പില്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം അനുവദിച്ചു.
  • ആലപ്പുഴ ചേര്‍ത്തല പെരുമ്പളം കെയ്കാട്ട് രാജേഷിന്റെ മക്കളായ സൂര്യന്‍ (6), സൂരജ് (4) എന്നിവര്‍  കുളത്തില്‍ വീണ് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ അനുവദിച്ചു.
  •  പ്രമുഖ കലാകാരനും സിനിമ-നാടക-ഹാസ്യ നടനായിരുന്ന അന്തരിച്ച വെള്ളൂര്‍ പി. രാഘവന്റെ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിന് സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു.
  • വാഹനാപകടത്തില്‍ മരിച്ച മലപ്പുറം ഇരിമ്പിളിയം ചുഴലിപ്പുറത്ത് ഹൗസില്‍ മുഹമ്മദ് നംഷാദ്, വളാഞ്ചേരി കരിയങ്ങാട്ട് കാവില്‍ ഹൗസില്‍ കെ.കെ. റന്‍ഷീദ്, വളാഞ്ചേരി മുളയ്ക്കല്‍ ഹൗസില്‍ എം. മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക്  ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു.
  • ബൈക്കില്‍ യാത്ര ചെയ്യവെ പളളുരുത്തി സ്റ്റേറ്റ് ഹൈവേയില്‍ വച്ച് മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ എറണാകുളം പളളുരുത്തി കരീത്തറ വീട്ടില്‍ മിഥുന്റെ ചികിത്സാ ചെലവിലേക്കായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു.
  • മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ആലപ്പുഴ ഓമനപ്പുഴ പുത്തന്‍പറമ്പില്‍ ആന്റണിയുടെ കുടുബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
  •  

കേരള ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായി ചുവടെ പറയുന്നവരെ നിയമിച്ചു:
കെ.ആര്‍. ദീപ, വി. മനു, എം.എ. ആസിഫ്, വി. തേക് ചന്ദ്, സി.എം. നാസര്‍, എസ്.യു. നാസര്‍, ബിജോയ് ചന്ദ്രന്‍, കെ.ബി. രാമാനന്ദ്, എസ്. ഗോപിനാഥന്‍, ഡി. ചന്ദ്രസേനന്‍, എ.ജെ. വര്‍ഗ്ഗീസ്, സി.കെ. സുരേഷ്, മൊഹമ്മദ് റഫീഖ്, കെ. അമ്മിണിക്കുട്ടി രഘുരാജ്, ടി.കെ. അനന്തകൃഷ്ണന്‍,  രേഖ സി. നായര്‍, അലക്‌സ് എം. തോംബ്ര, എം.എസ്. ബ്രീസ്, എന്‍.കെ. തങ്കച്ചന്‍, മേരി ബീന ജോസഫ്,  സി.എസ്. ഷീജ, സുരിന്‍ ജോര്‍ജ് ഐപ്, റനില്‍ ആന്റോ കണ്ടംകുളത്തി, പി.എം. മനോജ്, എം. ഐ. ജോണ്‍സന്‍,  ബി. ജയസൂര്യ, സുമന്‍ ചക്രവര്‍ത്തി, അംജദ് അലി, ബി. വിനോദ്, സൈജി ജേക്കബ് പാലാട്ടി, മാത്യു ജോര്‍ജ് വടക്കേല്‍, എം.കെ. പുഷ്പലത, പോള്‍ വര്‍ഗ്ഗീസ് എം., കെ.വി. മനോജ് കുമാര്‍, സി.കെ. ഗോവിന്ദന്‍, സാബു എം.ആര്‍., സന്തോഷ് പീറ്റര്‍, എം.വി. അനന്തന്‍, ടി. രാജശേഖരന്‍ നായര്‍, അരവിന്ദകുമാര്‍ ബാബു, സി.എന്‍. പ്രഭാകരന്‍, സി.എസ്. ഹൃദിക്ക്, സി.പി. പ്രദീപ്, കെ.ബി. ഉദയകുമാര്‍, മരുളീധരന്‍ ബി.ആര്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.