മദ്റസാ ക്ഷേമനിധിയെക്കുറിച്ച് സര്‍ക്കാര്‍ പ്രചാരണത്തിന്

കോഴിക്കോട്: പാലോളി കമ്മിറ്റി ശിപാര്‍ശ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ മദ്റസാ ക്ഷേമനിധി പദ്ധതി ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്കത്തെുന്നില്ല. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ പേര്‍ മദ്റസാധ്യാപകരായി ഉണ്ടെങ്കിലും 15,500 പേരാണ് അംഗമായത്, ഏകദേശം 10 ശതമാനം പേര്‍. പദ്ധതിയുടെ സാമ്പത്തിക ഇടപാടുകളില്‍ പലിശ ഉള്‍പ്പെട്ടതായ തെറ്റിദ്ധാരണയും പദ്ധതി സംബന്ധിച്ച പ്രചാരണത്തില്‍ വേണ്ടത്ര ഇടപെടലുകള്‍ ഇല്ലാതിരുന്നതുമാണ് അംഗത്വ വര്‍ധനയെ പ്രതികൂലമായി ബാധിച്ചത്. മൂന്നുമാസത്തില്‍ ഒരിക്കല്‍ ചേരേണ്ട മോണിറ്ററിങ് കമ്മിറ്റി ശരിയായവിധത്തില്‍ ചേരാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രചാരണം നടത്താന്‍  ഒരുങ്ങുകയാണ് സര്‍ക്കാര്‍.  

 അംഗത്വം അമ്പതിനായിരത്തില്‍ എത്തിക്കാനാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്‍െറ നിര്‍ദേശം. ഇരുപത് വയസ്സിനും അറുപത്തിയഞ്ച് വയസ്സിനും ഇടയിലുളള  അധ്യാപകര്‍ക്കാണ് ക്ഷേമനിധിയില്‍ അംഗത്വം. പ്രതിമാസം നൂറുരൂപയാണ് ക്ഷേമനിധി അംഗത്വ വിഹിതം.  50 രൂപ അധ്യാപകനും 50 രൂപ മദ്റസയും നല്‍കണമെന്നാണ് ചട്ടമെങ്കിലും പലപ്പോഴും മദ്റസാ വിഹിതം അടക്കാന്‍ സ്ഥാപനങ്ങള്‍ മടിക്കുന്നതാണ് പ്രധാന പ്രശ്നം. ഇങ്ങനെ വിഹിതം ലഭിക്കാതിരുന്നാല്‍ അംഗത്തിന്‍െറ പരാതിയില്‍ മാനേജര്‍ക്ക് നടപടിയെടുക്കാമെങ്കിലും പരാതിപോലും ലഭിക്കുന്നില്ല.

അംഗങ്ങള്‍ക്ക് കുറഞ്ഞത് 800 രൂപ പെന്‍ഷന്‍, അംഗങ്ങളുടെയോ അംഗങ്ങളുടെ പെണ്‍കുട്ടികളുടെയോ വിവാഹത്തിന് 10,000 രൂപ ധനസഹായം, എസ്.എസ്.എല്‍.സി/പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനുമായി സഹകരിച്ച് മദ്റസാധ്യാപകര്‍ക്കായി രണ്ടരലക്ഷം രൂപവരെ ഭവനനിര്‍മാണത്തിനായി പലിശ രഹിത വായ്പാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചികിത്സാ ധനസഹായമായി 30,000 രൂപ, മരണാനന്തര ധനസഹായമായി അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ എന്നീ ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. ഇതിനകം 14 പേര്‍ക്കാണ് പെന്‍ഷന്‍ സഹായം ലഭിച്ചത്. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് 26 പേരും അര്‍ഹരായി.

വിവാഹ ധനസഹായമായി 53 പേര്‍ക്ക് 5,53,000 രൂപയും വിനിയോഗിച്ചു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍ കാരണം ഭവനനധസഹായ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പദ്ധതിക്കായിട്ടില്ല. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പത്ത് കോടിയുടെ കോര്‍പസ് ഫണ്ട് നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ, രണ്ട് തവണ 3.75 കോടിയും അനുവദിച്ചു. ഇപ്പോള്‍ 18 കോടിയോളം രൂപ പദ്ധതി ആസ്തിയായി ഉണ്ട്. തുടക്കത്തില്‍ പലിശയുടെ സാന്നിധ്യം പറഞ്ഞായിരുന്നു മദ്റസാധ്യാപകര്‍ പദ്ധതിയോട് വൈമുഖ്യം കാണിച്ചത്. എന്നാല്‍, 2010ല്‍ പദ്ധതി പലിശരഹിതമാക്കി പണം ട്രഷറിയില്‍ നിക്ഷേപിച്ച് ഗ്രാന്‍ഡായി പെന്‍ഷന്‍ നല്‍കുന്ന സംവിധാനം വന്നെങ്കിലും അംഗത്വത്തില്‍ വര്‍ധനയുണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.