അഭിഭാഷകരുടെ അറിവില്ലായ്മ ക്രിമിനല്‍കുറ്റം –ജസ്റ്റിസ് എബ്രഹാം മാത്യു

കോഴിക്കോട്: അഭിഭാഷകന്‍െറ അറിവില്ലായ്മകൊണ്ട് സാധാരണക്കാരന് നീതി നിഷേധിക്കപ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു. ബാര്‍ കൗണ്‍സില്‍ യുവ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ക്ക് നിയമത്തില്‍ കൃത്യമായ അറിവില്ളെങ്കില്‍ അതു ബാധിക്കുന്നത് ജനങ്ങളെയാണ്. കേസ് നടത്താന്‍ കഴിയുമെന്ന് പറഞ്ഞ് ബോര്‍ഡ് വെച്ചിരിക്കുന്ന അഭിഭാഷകന്‍െറ അറിവില്ലായ്മ മൂലം കക്ഷിക്ക് നീതി ലഭിച്ചില്ളെങ്കില്‍ അത് അഭിഭാഷകന്‍െറ ക്രിമിനല്‍ നെഗ്ളിജന്‍സ് ആയി കണക്കാക്കുമെന്ന് ജേക്കബ് മാത്യു കേസില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. സി.പി.സി ഭേദഗതി ചെയ്തതോടെ കോടതിയില്‍ ഒന്നും നടക്കുന്നില്ല. ഇതുകാരണം യുവ അഭിഭാഷകര്‍ക്ക് പരിശീലനത്തതിനുള്ള അവസരം കുറവായി. ഇത് സമൂഹത്തില്‍ നീതി ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിക്കും. സാധാരണക്കാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പുതുതലമുറയില്‍പ്പെട്ട അഭിഭാഷകര്‍ക്ക് ഒൗദ്യോഗിക ഭാഷയായ മലയാളത്തിലും ഇംഗ്ളീഷിലും വേണ്ടത്ര പ്രാവീണ്യമില്ല. എസ്.എം.എസ് ഭാഷയും എ.ടി.എം ഭാഷയും പഠിച്ചാണ് അവര്‍ വരുന്നത്. അന്ധന്‍ ആനയെ കണ്ടപോലെയാണ് പുതിയ നിയമങ്ങളെ അവര്‍ സമീപിക്കുന്നത്. ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ പഠിക്കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍പോലും അറിയാത്തവരാണ് നിയമം തയാറാക്കുന്ന ഉദ്യോഗസ്ഥരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

തിരുവനന്തപുരത്തും എറണാകുളത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ നിര്‍ഭാഗ്യകരമായെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പാളിച്ച പറ്റിയത് എവിടെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും യോജിച്ച് പോകേണ്ടവരാണെന്നും അഭിഭാഷകരുടെ സ്വീകാര്യതക്ക് കോട്ടം വരുന്ന പ്രവര്‍ത്തനം ഒന്നും പാടില്ളെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ പറഞ്ഞു.

 പ്രോസിക്യൂഷന്‍ ഡയറക്ടര്‍ അഡ്വ. സി. ശ്രീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എം. നിയാസ്, ജില്ലാ ജഡ്ജി ടി.എസ്.പി. മൂസത്, അഡ്വ. എം. ഷറഫുദ്ദീന്‍, അഡ്വ. എം. കാദിരി, അഡ്വ. അബ്ദുല്ല മണപ്പുറത്ത്, അഡ്വ. പരീത് കല്ളേരി, അഡ്വ. കുഞ്ഞബ്ദുല്ല പേരോളി, അഡ്വ. രഞ്ജിത് ശ്രീധര്‍, അഡ്വ. മനോജ് കുമാര്‍, അഡ്വ. ജെയ്സന്‍ ജോര്‍ജ്, അഡ്വ. ടി.പി. ജയകുമാര്‍, അഡ്വ. കെ.എന്‍. അനില്‍കുമാര്‍, അഡ്വ. കെ. ജയരാജന്‍, അഡ്വ. പി. സന്തോഷ്കുമാര്‍, അഡ്വ. സി.ടി. സാബു, അഡ്വ. കെ.പി. ജയചന്ദ്രന്‍, അഡ്വ. എം. രാമന്‍കുട്ടി, അഡ്വ. രാജു പി. അഗസ്റ്റിന്‍ എന്നിവര്‍ സംബന്ധിച്ചു. ക്രിമിനല്‍ വിചാരണ, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ സംബന്ധിച്ച് ജസ്റ്റിസ് എബ്രഹാം മാത്യു, അഡ്വ. കഴക്കൂട്ടം കെ.എസ്. നാരായണന്‍ നായര്‍ എന്നിവര്‍ ക്ളാസെടുത്തു.


യുവ അഭിഭാഷകര്‍ മാന്യരില്‍ മാന്യരായിരിക്കണം  പ്രോസിക്യൂഷന്‍ ഡയറക്ടര്‍
കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് അഭിഭാഷക ലോകത്തിന് താങ്ങാന്‍ സാധ്യമല്ലാത്ത വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിവെച്ചത് യുവ അഭിഭാഷകരാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി. ശ്രീധരന്‍ നായര്‍. കേരള ബാര്‍ കൗണ്‍സില്‍ യുവ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച പരിശീലന ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയുടെ നീതിയും ധര്‍മവും മനസ്സിലാക്കാതെ കാളപെറ്റെന്ന് കേട്ടയുടനെ കയറെടുത്തതാണ് പ്രശ്നം ഇത്രയും കൊണ്ടത്തെിച്ചത്. മാന്യരില്‍ മാന്യരായിരിക്കണം അഭിഭാഷകര്‍. എന്‍റോള്‍മെന്‍റ് സമയത്ത് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്മാര്‍ ഇക്കാര്യം ആവര്‍ത്തിക്കാറുണ്ട്. ആക്രമണത്തെ സഹനശക്തികൊണ്ട് നേരിട്ട് പരിഹാരത്തിന് വഴി സ്വീകരിക്കുന്നതില്‍ പറ്റിയ വീഴ്ചയാണ് എറണാകുളത്ത് സംഭവിച്ചത്. പ്രകോപനം സഹിക്കാമല്ളോ. പ്രകോപനം ഉണ്ടാക്കിയ സാഹചര്യം പരിപൂര്‍ണമായും തെറ്റാണ്. ഒരു തുള്ളി വെള്ളംകൊണ്ട് കെടുത്താവുന്ന പ്രശ്നത്തിന് അറബിക്കടലിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കേണ്ടി വന്നു. മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സില്‍ മെംബര്‍മാര്‍ ഓരോരുത്തരും അതിനുവേണ്ടി പരിശ്രമിച്ചു. യുവാക്കള്‍ അഭിഭാഷകവൃത്തിയുടെ ധാര്‍മികത സംബന്ധിച്ച് കൂടുതല്‍ വായിച്ചുപഠിക്കണം. അഭിഭാഷക സമൂഹത്തിന്‍െറ മാന്യതക്ക് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ ശ്രമിക്കണം. കോടതിയിലത്തെിയാല്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലം നല്‍കാത്ത വിധത്തിലാണ് യുവ അഭിഭാഷകരുടെ പെരുമാറ്റം. താനൊക്കെ പ്രാക്ടീസ് ചെയ്തിരുന്ന സമയം എല്ലായ്പ്പോഴും കോടതിയുടെ പിന്‍വശത്ത് നില്‍ക്കാറായിരുന്നു പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.