പുത്രകാമേഷ്ടി

മന്ത്രാനുഷ്ഠാനങ്ങളും ഉര്‍വരതാപൂജയും നടത്തി സന്താനലബ്ധി കൈവരുത്തുന്ന രീതി പല രാജ്യങ്ങളിലുമുണ്ട്. എന്നാല്‍, മൂര്‍ത്തവും പ്രതീകാത്മകവുമായ ചടങ്ങായി നടത്തപ്പെടുന്ന പുത്രകാമേഷ്ടി യാഗം ആദ്യമായി കാണുന്നത് രാമായണത്തിലാണ്. യാഗത്തിന്‍െറ നായകനായ ഋഷ്യശൃംഗന്‍ (മാനിന്‍െറ കൊമ്പുള്ളവന്‍) അംഗ രാജ്യത്ത് മഴ പെയ്യിച്ച തപോധനനാണ്. ഉഗ്ര താപസനായ വിഭാണ്ഡകന്‍ മറ്റു മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ത്തിയിട്ടും ഋഷ്യശൃംഗന്‍െറ പൗരുഷം പിതാവിനെ ലംഘിച്ച് പുറത്തുവന്നതാണ്. വിലക്കുകള്‍ കൂടുതല്‍ സ്വതന്ത്രരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു എന്നര്‍ഥം. അണപൊട്ടിയ പൗരുഷത്തിന്‍െറ ഉഗ്രപ്രവാഹമായ അംഗ രാജ്യത്തിലെ മഴയുടെ മറ്റൊരു പ്രതീകാത്മകമായ ആവിഷ്കാരമാണ് പുത്രകാമേഷ്ടിയാഗം.

യാഗത്തില്‍ പങ്കാളികളായ അഗ്നി, എണ്ണ, പായസം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയെല്ലാം സൃഷ്ടിയുടെ പ്രേരകഘടകങ്ങളത്രെ. കാവ്യാരംഭത്തില്‍തന്നെ വിവരിക്കുന്ന ഈ സൃഷ്ടികഥ രാമായണ കാവ്യത്തെ സര്‍ഗാത്മകമാക്കുന്നു. നാടുഭരിക്കാനുള്ള അവകാശിയെ ലഭിക്കാന്‍ വേണ്ടിയാണ് ദശരഥന്‍ ഉള്‍പ്പെടെയുള്ള രാജാക്കന്മാര്‍ വീണ്ടും വീണ്ടും കല്യാണം കഴിക്കുന്നതും യാഗങ്ങള്‍ നടത്തുന്നതും. പുത്രിയെയല്ല പുത്രനെയാണ് രാജാവ് ആഗ്രഹിക്കുന്നത്. ‘പും’ എന്ന നരകത്തില്‍ നിന്ന് പിതാവിനെ ത്രാണനം (രക്ഷിക്കല്‍) ചെയ്യുന്നവനാണല്ളോ പുത്രന്‍.

പുത്രകാമേഷ്ടി യാഗത്തില്‍ അടങ്ങിയിരിക്കുന്ന മന$ശാസ്ത്രവിദ്യ പല രൂപത്തില്‍ ഭാരതത്തില്‍ നിലവില്‍വന്നത് രാമായണത്തിനു ശേഷമാണ്. മനുഷ്യന്‍െറ ജൈവ ചോദനകളെ ഉണര്‍ത്തി മന്ത്രോച്ചാരണങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും സൃഷ്ടിക്ക് പാകമാക്കിയെടുക്കുന്ന ജാലവിദ്യ ചിലപ്പോഴെങ്കിലും ഫലിച്ചെന്നുവരാം; അവയില്‍ അന്ധവിശ്വാസം കലര്‍ന്നിട്ടുണ്ടെങ്കിലും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.