തിരുവനന്തപുരം: നവ ഉദാരീകരണ നയങ്ങളുടെ വക്താവായ വിദഗ്ധയെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച നടപടിയും വിവാദത്തിലേക്ക്.ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാമ്പത്തിക ഉപദേഷ്ടാവായി കഴിഞ്ഞദിവസം നിയമിച്ചത്. സി.പി.എം സാമ്പത്തികനയങ്ങളുടെ വക്താക്കളായ രണ്ടുപേരാണ് നിലവില്‍ എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിര്‍ണായക തസ്തികകളിലുള്ളത് -ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനും. അപ്പോഴാണ് സി.പി.എമ്മിന്‍െറ സാമ്പത്തികനയങ്ങളുടെ നേര്‍വിപരീത സ്ഥാനത്ത് നില്‍ക്കുകയും മോദി സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കരണങ്ങളെ പിന്തുണക്കുകയുംചെയ്യുന്ന വിദഗ്ധയായ ഗീതയുടെ നിയമനം. സബ്സിഡി, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കംനല്‍കിയും പൊതുമേഖല നിലനിര്‍ത്തിയും വേണം വികസനമെന്ന സാമ്പത്തിക മാതൃകയാണ് സി.പി.എം എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്.
അതിന് വിപരീതമായി ആഗോള, സ്വകാര്യവത്കരണ, നവഉദാരീകരണ നയങ്ങള്‍ക്കനുസൃതമായ സമീപനമാണ് സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ചിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രഫസറായിരുന്ന അവര്‍ കമ്പോളമാണ് ശരിയെന്ന നിലപാട് സ്വീകരിക്കുന്ന സമ്പദ്ശാസ്ത്ര ചിന്തയിലെ ‘ചിക്കാഗോ പാത’യുടെ വക്താവുമാണ്. അമേരിക്കന്‍ ധനനയങ്ങള്‍ തീരുമാനിക്കുന്ന ന്യൂയോര്‍ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍െറ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിലും അവര്‍ അംഗമായിരുന്നു.
സാമൂഹികക്ഷേമ പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം, സബ്സിഡി, തൊഴിലുറപ്പ് പദ്ധതികള്‍ നിയന്ത്രിക്കണം, പലിശനിരക്ക് കുറക്കണം എന്നീ വലതുപക്ഷ സാമ്പത്തിക നിലപാടുകളോട് അനുഭാവപൂര്‍വമായിരുന്നു അവരുടെ പ്രതികരണം. ഇത്തരം നിരവധി അഭിമുഖങ്ങള്‍ അവര്‍ ദേശീയ ചാനലുകളില്‍ അടക്കം നല്‍കിയിരുന്നു. ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണക്കുകയായിരുന്നു.
മാത്രമല്ല ഇടതുപക്ഷം പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ത്ത ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതും. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ ഇല്ലാതാക്കുന്ന പരിഷ്കരണങ്ങള്‍ കൊണ്ടുവരണമെന്ന് പറയുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതിനെയും പിന്തുണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.