ഫ്യൂഡല്‍ കാലഘട്ടത്തിലെപോലെ ഏതെങ്കിലും രാജാവിന്‍െറ ആശ്രിതത്വമോ വിധേയത്വമോ വാല്മീകിരാമായണകര്‍ത്താവില്‍ കാണുന്നില്ല. പൂര്‍വപക്ഷത്തും ഉത്തരപക്ഷത്തും ഒരുപോലെ നിലകൊണ്ട് കാവ്യനീതി പുലര്‍ത്താന്‍ കവിക്ക് കഴിയുന്നു. രാമനെ മനുഷ്യനായും രാവണനെ ഒട്ടും മങ്ങലേല്‍ക്കാത്ത വീരനായും അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് വാല്മീകിയുടെ കാവ്യനീതി. ദേവാംശസംഭവനാണെങ്കിലും മനുഷ്യജന്മം ആയതിനാലാണ് രാമന് തെറ്റുകള്‍ പറ്റുന്നത്.
വീരപ്രഭാവിതനാണെങ്കിലും രാക്ഷസജന്മമായതിനാലാണ് രാവണന് തെറ്റുകള്‍പറ്റുന്നത്. ഓരോ കഥാപാത്രത്തിനും കവി അവരര്‍ഹിക്കുന്ന പരിഗണന നല്‍കിയിരിക്കുന്നു. ആത്മീയതക്കും അനാത്മവാദത്തിനും രാമായണത്തില്‍ ഇടംകൊടുത്തിട്ടുണ്ട്. രാമനും ജാബാലിയും തമ്മിലുള്ള സംഭാഷണം അതിനുദാഹരണമാണ്. പില്‍ക്കാലത്തുണ്ടായ ബുദ്ധമതദര്‍ശനത്തിന് പ്രേരണ നല്‍കിയ സന്ദര്‍ഭമാകാം അത്. ഗ്രീക് പുരാണത്തിലെ ഹിപ്പോക്രാറ്റസിനെപ്പോലെ ഒരു ചാര്‍വാകന്‍ നമുക്കുണ്ടായിരുന്നു എന്ന് വാല്മീകി തെളിവ് തരുന്നു.
യുക്തിക്കും തത്ത്വചിന്തക്കും ഭക്തിപാരവശ്യത്തിനുംവേണ്ടി നിര്‍മിച്ചതല്ല രാമായണം. ആ കര്‍മം ചെയ്തത് പില്‍ക്കാലത്തെ പ്രാദേശിക രാമായണ കവികളാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിന്‍െറ ചാരുതയും കൃത്യതയും ഇതിഹാസകാരന്‍െറ സ്വന്തമാണ്. ബ്രാഹ്മണ്യത്തെയും രാജശാസനത്തെയും നിശിതമായി ചോദ്യംചെയ്യുന്ന ഒരു ഊര്‍മിളയെയോ ഹനുമാനെയോ മറ്റൊരു രാമായണത്തിലും നമുക്ക് കാണാനാവില്ല. നൂറ്റാണ്ടുകള്‍ക്കുശേഷം പിന്നെ സീതാനിര്‍വാസവും ഭൂമികന്യാസീതയും സി.എന്‍ നാടകങ്ങളും മാത്രമാണ് ഇതിനപവാദം. പൗരോഹിത്യ കാലഘട്ടത്തിന് അപ്രിയമായ പലതും മഹാകവി തന്‍െറ കൃതിയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
സുലഭാ പുരുഷാ രാജന്‍
സതതം പ്രിയ വാദിന:
അപ്രിയസ്യ ച പത്ഥ്യസ്യ
വക്താശ്രോതാ ച ദുര്‍ലഭ:
(ഇഷ്ടമുള്ള വാക്കുകള്‍ പറയാന്‍ ആള്‍ക്കാര്‍ ധാരാളമുണ്ട്. അപ്രിയവും സത്യസന്ധവും ആയ വാക്കുകള്‍ പറയുന്നവര്‍ ചുരുക്കം) ഇത് ഭരതന്‍െറയോ ശത്രുഘ്നന്‍െറയോ വാക്യമല്ല മറിച്ച്, കവിയുടേതാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.