തിരുവനന്തപുരം: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സബ് ഇന്‍സ്പെക്ടര്‍ നന്ദിയോട് കള്ളിപ്പാറ ചടച്ചിക്കരിക്കകത്ത് സ്നേഹശ്രീയില്‍ ജി. ജയചന്ദ്രന്‍ നായരുടെ ഭാര്യക്ക് ജോലി നല്‍കാനും രണ്ടു പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. ഒപ്പം ജയചന്ദ്രന്‍നായരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കാനും തീരുമാനിച്ചു.
റിയാദില്‍ വെടിയേറ്റു മരിച്ച ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദാ മന്‍സിലില്‍ മീരാ സാഹിബിന്‍റെ മകന്‍ നസീറിന്‍റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
പത്രവിതരണത്തിനിടെ വാഹനമിടിച്ചു മരിച്ച ആലപ്പുഴ പട്ടണക്കാട് നിഗര്‍ത്തില്‍ വീട്ടില്‍ അനന്തകൃഷ്ണന്‍റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ അനുവദിച്ചു.
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അനാഥവസ്ഥയിലായ ഇടുക്കി അടിമാലി കണ്ണാട്ടുവീട്ടിലെ ഒമ്പതും ഏഴും വയസ്സുളള കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഒപ്പം രണ്ടര ലക്ഷം രൂപ വീതം കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും.
കോന്നി വള്ളിക്കോട് സജിതാലയത്തില്‍ അഭിജിത്തിന്‍റെ മകള്‍ ഏഴുമാസം പ്രായമുളള ആദ്രിജയുടെ കരള്‍മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. വയനാട് കൃഷ്ണഗിരിയില്‍ ബസ് അപകടത്തില്‍ മരിച്ച ജോണ്‍സണ്‍, വിനോദ്കുമാര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപാ വീതവും സർക്കാർ അനുവദിച്ചു.
പാലക്കാട് കോതച്ചിറ കൊടവംപറമ്പില്‍ ബാലന്‍റെ മക്കളായ ഷബ്ന, ബിനോയി എന്നിവരുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു. പത്തനംതിട്ട റാന്നി അറയാഞ്ഞിലിമണ്ണ് വടക്കേ ചരുവില്‍ സുധാകരന്‍റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു. കരുനാഗപ്പള്ളി ആദിനാട് തെക്ക് അനുഭവനില്‍ രവീന്ദ്രന്‍റെ മകന്‍ അനുവിന്‍റെ ബ്രയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപയും അനുവദിച്ചു. കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചിവടക്ക് കൊറ്റിനാട്ട് കിഴക്കേതില്‍ അബ്ദുള്‍ സമദിന്‍റെ മകള്‍ സൗമ്യയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം നെല്ലിമൂട് കോട്ടുകാല്‍ താന്നിവിള പുത്തന്‍വീട്ടില്‍ നിഷാകുമാരിയുടെ മകള്‍ ബി.എന്‍. അഖിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. പുഴയില്‍വീണ് മരിച്ച വയനാട് മാനന്തവാടി സ്വദേശി അജ്നാസിന്‍റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചു.
കോഴിക്കോട് കുന്നുമ്മല്‍ വട്ടോളിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ചിത്, ആദില്‍. ആര്‍. ചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതം അനുവദിച്ചു.
പാലാ ഐ.ഐ.ടി.എം(Indian Institute of Information Technology and Management) ന് വേണ്ടി വിലക്കെടുത്ത 53.523 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ നിന്നും ഐ.ഐ.ടി.എമ്മിന് കൈമാറാന്‍ തീരുമാനിച്ചു. കോഴിക്കോട് Composite Regional Centre for Persons with Disabilities എന്ന സ്ഥാപനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകള്‍ (Autism Spectrum & Cerebral Palsy) അനുവദിക്കാന്‍ തീരുമാനിച്ചു. ആന്തൂര്‍ നഗരസഭയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.