??? ????????? ?????????? ??????????? ??????????????

ആട് ആന്‍റണി കുറ്റക്കാരനെന്ന് കോടതി

കൊല്ലം: പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്നകേസിലെ പ്രതി ആന്‍റണി വര്‍ഗീസ് എന്ന ആട് ആന്‍റണി (53) കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ വിധിക്കുന്നതിനായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജോര്‍ജ് മാത്യു കേസ് വെള്ളിയാഴ്ച പരിഗണിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 333 (ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍), 468 (വ്യാജരേഖകള്‍ ചമയ്ക്കല്‍), 471(വ്യാജരേഖയാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്ന 201ാം വകുപ്പ് (തെളിവ് നശിപ്പിക്കല്‍) കോടതി അംഗീകരിച്ചില്ല. കൊലക്കുപയോഗിച്ച കത്തി ആന്‍റണി രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. തെളിവ് നശിപ്പിച്ചത് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വകുപ്പ് പ്രകാരമുള്ള ശിക്ഷയില്‍നിന്ന് ഒഴിവാക്കി.

ബുധനാഴ്ച രാവിലെ മണിയന്‍പിള്ള വധക്കേസാണ് ആദ്യം പരിഗണിച്ചത്. രാവിലെ 10.50 ഓടെ ആന്‍റണിയെ പൊലീസ് കോടതിയിലത്തെിച്ചിരുന്നു. കുറ്റക്കാരനാണെന്ന് വിധിച്ച കോടതി പ്രതിക്ക് പറയാനുള്ളത് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് അറിയിച്ചു. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പ്രത്യേകവാദം നടത്താന്‍ കോടതി പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകനും നിര്‍ദേശം നല്‍കി. ഇതനുസരിച്ചുള്ള വാദം വെള്ളിയാഴ്ച നടക്കും. 10 മിനിറ്റിനകം കോടതി നടപടി പൂര്‍ത്തിയായതിനെതുടര്‍ന്ന് ആട് ആന്‍റണിയെ ജയിലിലേക്ക് കൊണ്ടുപോയി.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2015 ഒക്ടോബര്‍ 13ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.