ഇരട്ടപ്പദവി ഭേദഗതി ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനാകാനുള്ള തടസ്സം നീങ്ങി. ഇതുസംബന്ധിച്ച് മന്ത്രി എ.കെ. ബാലന്‍ അവതരിപ്പിച്ച നിയമസഭ (അയോഗ്യതകള്‍ നീക്കം ചെയ്യല്‍) ഭേദഗതി ബില്‍ പാസാക്കി. ബില്ല് പാസാക്കുന്നതിനെതിരെ ‘ഈ രക്തത്തില്‍ പങ്കില്ളെന്ന്’ പ്രഖ്യാപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്‍െറ അഭാവത്തില്‍ വോട്ടെടുപ്പ് കൂടാതെയാണ് ബില്‍ പാസായത്. 1951ലെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ നിയമം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തുള്ള ബില്ലാണ് പാസാക്കിയത്. നിലവിലെ സാഹചര്യത്തില്‍ നിയമസഭാംഗത്തെ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനാക്കുമ്പോള്‍ നിയമസഭാംഗമായി തുടരാനുള്ള യോഗ്യത ഇല്ലാതാകും. ഇത് ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.
ഉദ്യോഗമല്ലാതെ ആദായകരമായ ഏതെങ്കിലും പദവി വഹിക്കുന്ന ഒരാള്‍ ഒരു സംസ്ഥാന നിയമസഭയില്‍ അംഗമായിരിക്കാന്‍ അയോഗ്യനാണ് എന്നതാണ് 1951ലെ നിയമം. ഭരണപരിഷ്കാര കമീഷനില്‍ കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധരെ നിയമിക്കും. ഭരണരംഗത്തെ വിവിധ കാര്യങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് കമീഷന്‍െറ ദൗത്യം. പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനുമുള്ള അയോഗ്യതകള്‍ ഭേദഗതി ചെയ്യാന്‍ 2012ല്‍ ബില്ല് അവതരിപ്പിച്ചിരുന്നു.

അതേസമയം, പുതിയ ബില്ലിലെ നിര്‍ദേശങ്ങളോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സംസ്ഥാന സമ്പദ്ഘടനയുടെമേല്‍ കാര്‍മേഘങ്ങള്‍  നിറഞ്ഞുനില്‍ക്കുന്നതിനാല്‍ പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ടുവര്‍ഷത്തേക്ക് മാറ്റിവെക്കണമെന്ന ധനമന്ത്രിയുടെ പ്രസംഗത്തിന്‍െറ അന്തസ്സത്തക്ക് വിരുദ്ധമാണ് ഭരണപരിഷ്കാര ചെയര്‍മാന്‍ നിയമനമെന്ന് പ്രതിപക്ഷം വിയോജനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.