സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി; പ്രദേശവാസി അറസ്റ്റില്‍

പത്തനാപുരം: സ്കൂള്‍ കുട്ടികള്‍ക്ക് തയാറാക്കിയ ഉച്ചഭക്ഷണത്തില്‍ പ്രദേശവാസി വിഷം കലര്‍ത്തി. ഇത് യഥാസമയം അധ്യാപിക കണ്ടത്തെിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി സെന്‍റ് പോള്‍സ് എം.എസ്.സി.എല്‍.പി സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ചെമ്പനരുവി ചിഞ്ചുഭവനില്‍ ‘ചെയര്‍മാന്‍’ എന്ന സത്യനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഭക്ഷണത്തില്‍ കലര്‍ത്തിയത് എന്ത് വിഷമാണെന്ന് വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. സ്കൂളിന്‍െറ പാചകപ്പുരയില്‍ പാകംചെയ്ത് വെച്ചിരുന്ന ഭക്ഷണത്തിലാണ് വിഷാംശം കണ്ടത്തെിയത്.

അധ്യാപികയായ സജിമോള്‍ വെള്ളം കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നുകയും വായ തടിക്കുകയും ചൊറിച്ചിലുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പാകം ചെയ്തുവെച്ച ചോറിലും രുചിവ്യത്യാസം കണ്ടത്തെി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സമീപവാസി സത്യന്‍ പാചകപ്പുരയില്‍നിന്ന് ഇറങ്ങി ഓടുന്നത് കണ്ടതായി മറ്റൊരു അധ്യാപികയും പാചകത്തൊഴിലാളിയും അറിയിച്ചു. വിവരമറിഞ്ഞ് പഞ്ചായത്തംഗം റഷീദും സമീപവാസികളും സത്യനെ അന്വേഷിച്ച് വീട്ടിലത്തെിയപ്പോള്‍ ഇയാള്‍ അവിടെനിന്നും ഇറങ്ങിയോടി. പിന്തുടര്‍ന്ന നാട്ടുകാര്‍ സമീപത്തെ തോട്ടത്തില്‍വെച്ച് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വിവരമറിഞ്ഞ് പിറവന്തൂരില്‍നിന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഭക്ഷണത്തിന്‍െറ സാംപ്ള്‍ ശേഖരിച്ചു.

സത്യന്‍ പ്രദേശത്ത് വ്യാജമദ്യവും കഞ്ചാവുമടക്കം ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുണ്ടത്രെ. രണ്ടുദിവസം മുമ്പ് സ്കൂളില്‍ നടന്ന ഗ്രാമസഭയില്‍ സത്യനെതിരെ രക്ഷിതാക്കള്‍ പരാതി പറഞ്ഞു. തുടര്‍ന്നുണ്ടായ വിരോധമാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്താനിടയാക്കിയതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 75ഓളം കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇവരും അധ്യാപകരും സ്കൂളില്‍നിന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. സംഭവത്തത്തെുടര്‍ന്ന് കുട്ടികള്‍ക്ക് വീണ്ടും ഭക്ഷണം തയാറാക്കി. പുനലൂര്‍ വിദ്യാഭ്യാസ ഓഫിസര്‍ ബി. ഉണ്ണികൃഷ്ണന്‍ സ്കൂളിന് ഉച്ചകഴിഞ്ഞ് അവധി നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.