വേളം: പുത്തലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുളിഞ്ഞോളി നസീറുദ്ദീനെ (22) കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലിയില്‍ അബ്ദുറഹ്മാന്‍, കപ്പച്ചേരി ബഷീര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പ്രതികള്‍ക്ക് സംഭവത്തിനിടെ പരിക്കേറ്റിരുന്നതായി പറഞ്ഞിരുന്നെങ്കിലും പരിക്കുകള്‍ കാണാനില്ളെന്ന് സി.ഐ പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കടയും വാഹനങ്ങളും അഗ്നിക്കിരയാക്കി. കാക്കുനിയില്‍ ചരളില്‍ സലാമിന്‍െറ കര്‍ട്ടന്‍ നിര്‍മാണ കട കത്തിച്ചു. തുണിത്തരങ്ങള്‍, തയ്യല്‍ മെഷീനുകള്‍, മേശ തുടങ്ങി കടയിലെ മുഴുവന്‍ സാധനങ്ങളും നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി സലാം കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കേസിലെ പ്രതിയെന്ന് പരാതിയുള്ള കൊല്ലയില്‍ അബ്ദുറഹ്മാന്‍െറ ഭജനമഠത്തിനടുത്തുള്ള വീട്ടില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്ക് പൂര്‍ണമായും കാര്‍, ഒട്ടോറിക്ഷ എന്നിവ ഭാഗികമായും കത്തിച്ചതായി പൊലീസ് അറിയിച്ചു. വലകെട്ടില്‍ തിരുവങ്ങോത്ത് മഠത്തില്‍ മുഹ്സിന്‍െറ മോട്ടോര്‍ ബൈക്ക് കത്തിച്ചു. വലകെട്ട്, ശാന്തിനഗര്‍, തിരിക്കോത്ത്മുക്ക്, പുത്തലത്ത്, കാക്കുനി, തീക്കുനി, പൂളക്കൂര്‍ ഭാഗങ്ങളില്‍ വിവിധ സി.ഐമാരുടെ നേതൃത്വത്തില്‍ പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി വി.കെ. സുരേന്ദ്രന്‍, എ.എസ്.പി കറുപ്പസ്വാമി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
അതിനിടെ വേളം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസാന്നിധ്യത്തിലായിരുന്നു പുളിഞ്ഞോളി നസീറുദ്ദീന്‍െറ അന്ത്യയാത്ര. പുത്തലത്ത് ജുമാമസ്ജിദിലും ചേരാപുരം ജുമാമസ്ജിദിലും നടന്ന മയ്യിത്ത് നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജനത്തിരക്കുകാരണം പലതവണയായാണ് നമസ്കാരം നടന്നത്.വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോള്‍ അനന്തോത്ത് സലഫി മസ്ജിദിനു സമീപം എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് നസീറുദ്ദീന്‍ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ കുറ്റ്യാടി സി.ഐ ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിയുന്നു. ഉച്ചക്ക് രണ്ടരക്ക് പുത്തലത്ത് വീട്ടില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനായി ചേരാപുരം ഈസ്റ്റ് എം.എല്‍.പി സ്കൂളിലത്തെിച്ചു. മൃതദേഹം ഒരു നോക്കുകാണാന്‍ വകടര, കൊയിലാണ്ടി താലൂക്കുകളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. നസീറുദ്ദീന്‍െറ കൂട്ടുകാരും ബന്ധുക്കളും വാവിട്ട് കരഞ്ഞത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.കെ.കെ. ബാവ, ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ്, എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, കെ.എം. ഷാജി, മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, ജില്ലാ പ്രസിഡന്‍റ് നജീബ് കാന്തപുരം, മായന്‍ഹാജി, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സെക്രട്ടറി വി.എം. ചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇതോടനുബന്ധിച്ച് കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹന ഗതാഗതത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.