ഐ.എസ് ഭീഷണി: അന്വേഷണത്തിന് കേന്ദ്ര സഹായം വേണം –മുഖ്യമന്ത്രി


ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ചിലര്‍ ഐ.എസില്‍ ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂടുതല്‍ സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മലയാളികള്‍ ഐ.എസില്‍ ചേരുന്നുവെന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. നിയമപരമായ അതീവ സൂക്ഷ്മതയോടെയാണ് വിഷയം  കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍െറ എല്ലാ സഹായവും ഉണ്ടാകണം. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിന് അതിയായ ആശങ്കയുണ്ട്. സംതൃപ്തമായ  അവസ്ഥയല്ല ഇപ്പോഴുള്ളത്. സംശയിക്കപ്പെടുന്ന സംഘങ്ങളുടെ മേല്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സംസ്ഥാന പൊലീസ് സംവിധാനത്തിനുമിടയില്‍ നല്ലനിലയില്‍ ആശയവിനിയമം നടക്കുന്നുണ്ട്. അത് ഇനിയും ശക്തിപ്പെടുത്തണം.

 അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ജില്ലകളിലെ പ്രദേശങ്ങളില്‍ തീവ്ര ഇടതുസ്വഭാവമുള്ള ചില സംഘടനകളുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നു. അത് നേരിടാന്‍ പ്രത്യേക പൊലീസ് സംഘത്തെ സംസ്ഥാനം സജ്ജമാക്കിയിട്ടുണ്ട്. അതിന് കേന്ദ്രത്തിന്‍െറ സഹായം വേണം. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്‍ഡ് ആന്‍റി ടെററിസം സ്കൂള്‍ എന്ന കേരളത്തിന്‍െറ ആവശ്യം ഇനിയെങ്കിലും അംഗീകരിക്കണം. രഹസ്യാന്വേഷണ പൊലീസ് സംവിധാനം പരിഷ്കരിക്കാന്‍ സഹായം വേണം. ഇടതു തീവ്രവാദ ബാധിത മേഖലകളിലെ അഞ്ചു ജില്ലകളെ സുരക്ഷാ ചെലവിനുള്ള പ്രത്യേക ഫണ്ടില്‍ ഉള്‍പ്പെടുത്തണം. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ട് അപര്യാപ്തമാണ്. ഈ വര്‍ഷം കേരളത്തിന് 14 കോടി മാത്രമാണ് കിട്ടിയത്. കൂടുതല്‍ ഫണ്ട് അനുവദിക്കണം. കടലില്‍ പരിശോധനക്ക് പോകാന്‍ കഴിയുന്ന ബോട്ട്  സഹിതം തീരദേശത്ത് 76 പൊലീസ് സ്റ്റേഷനുകള്‍ വേണം. തീരദേശ പൊലീസ് പരിശീലന സ്കൂളിന് വാഗ്ദാനം ചെയ്ത ഫണ്ട് കേന്ദ്രം അനുവദിക്കണം.  

പിന്നാക്ക മേഖലകളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി ആസൂത്രണ കമീഷന്‍ പുന$സ്ഥാപിക്കണം. ഫെഡറലിസത്തിന്‍െറ യഥാര്‍ഥ സത്ത ഉള്‍ക്കൊണ്ട് കേന്ദ്ര, സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പൊളിച്ചെഴുതണം. അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരാന്‍ വലിയ ഇടവേളയുണ്ടായത് പരിതാപകരമാണ്. കൃത്യമായി ആസൂത്രണം ചെയ്ത അജണ്ടയോടുകൂടി സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും യോഗം ചേരണം.  ദേശീയ വികസന കൗണ്‍സിലിന്‍െറ അഭാവത്തില്‍ സംസ്ഥാനങ്ങളുടെ വികസനവിഷയങ്ങള്‍ ഉന്നയിക്കുന്നതിന് അന്തര്‍ സംസ്ഥാന കൗണ്‍സില്‍ യോഗം അതിപ്രധാനമാണ്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതരത്തില്‍ വളരെ പ്രധാനപ്പെട്ട ശിപാര്‍ശകളാണ് പുഞ്ചി കമീഷന്‍  മുന്നോട്ടുവെച്ചിട്ടുള്ളത്. കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ആറു വര്‍ഷം പാഴായി. റിപ്പോര്‍ട്ട് അന്തര്‍ സംസ്ഥാന കൗണ്‍സിലില്‍ വിശദമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായി നടപ്പാക്കണം. സ്ത്രീ സുരക്ഷക്കുള്ള നിര്‍ഭയ ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടി ഖേദകരമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണം. പൊലീസ് നവീകരണത്തിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ തുക വകയിരുത്തണം. ഈ വര്‍ഷം സംസ്ഥാനത്തിന് 14 കോടി രൂപയുടെ ഉറപ്പു മാത്രമാണ് ലഭിച്ചത്.  ഇത് വര്‍ധിപ്പിക്കണം. വിദ്യാഭ്യാസരംഗത്ത് കേന്ദ്ര പദ്ധതികള്‍ ഈ രംഗത്ത് കേരളം നേടിയ പുരോഗതിക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കണം.  140 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള കേരളത്തിന്‍െറ പദ്ധതിക്ക് കേന്ദ്രം സഹായം നല്‍കണം. പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്തണം. അതോടൊപ്പം തന്നെ, സാങ്കേതികമായ പുതിയ അറിവുകളെന്നപോലെതന്നെ മതേതരവും മാനുഷികവുമായ മൂല്യങ്ങള്‍ കരിക്കുലത്തില്‍ ശക്തമായി ഇഴചേര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.