ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ റെയ്ഡ്; 22 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് വിഭാഗം നടത്തിയ റെയ്ഡിൽ 22 പേർ അറസ്റ്റിൽ. പെരുമ്പാവൂരിലെ വിവിധ ക്യാമ്പുകളിലും ഗോഡൗണുകളിലും നിന്ന് ബ്രൗൺ ഷുഗർ, കഞ്ചാവ്, ഗുഡ്ക, മയക്കുഗുളിക അടക്കമുള്ള 2000 കിലോഗ്രാം ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഉടമയായ മലയാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാമ്പുകൾക്ക് സമീപത്തെ കടകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മൂവാറ്റുപുഴ, കോതമംഗലം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് റെയ്ഡ് നടക്കുന്നത്. എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ആലുവ ഗസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്താണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.

രാവിലെ ആറു മണിയോടെ 22 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി രഹസ്യ വിവരം ലഭിച്ച സാഹചര്യത്തിലാണ് എക്സൈസിന്‍റെ നടപടി.

വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.