ഭരണ പരിഷ്കരണ കമീഷന്‍ ശിപാര്‍ശകള്‍ ഭൂരിഭാഗവും കടലാസില്‍

മലപ്പുറം: വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കി പുതിയ ഭരണപരിഷ്കരണ കമീഷന്‍ രൂപവത്കരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കഴിഞ്ഞകാല കമീഷനുകളുടെ റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗം ശിപാര്‍ശകളും ഇപ്പോഴും കടലാസില്‍. ’57ല്‍ ഇ.എം.എസ് ചെയര്‍മാനായാണ് സംസ്ഥാനത്ത് ആദ്യ ഭരണപരിഷ്കരണ കമീഷനുണ്ടായത്. പിന്നീട് ’65ല്‍ എം.കെ. വെള്ളോടിയുടെ നേതൃത്വത്തിലും ’97ല്‍ ഇ.കെ. നായനാര്‍ അധ്യക്ഷനായും ഭരണകമീഷന്‍ രൂപവത്കരിച്ചിരുന്നു. ഇതില്‍ ഇ.എം.എസിന്‍െറയും വെള്ളോടിയുടെയും കമ്മിറ്റികളുടെ ശിപാര്‍ശകള്‍ തന്നെ നടപ്പാക്കാന്‍ ബാക്കി നില്‍ക്കുമ്പോഴാണ് നായനാര്‍ കമീഷന്‍ പുതിയ പരിഷ്കാരങ്ങള്‍ ശിപാര്‍ശ ചെയ്തത്. ഇതോടൊപ്പം പത്താം ശമ്പള കമീഷന്‍െറ രണ്ടാംഘട്ട റിപ്പോര്‍ട്ട് പരിശോധിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മറ്റൊരു കമ്മിറ്റിയെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മൂന്നാം ഭരണപരിഷ്കാര കമ്മിറ്റിയുടെ ഒന്നാം റിപ്പോര്‍ട്ടിലെ പൗരാവകാശ പത്രിക പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം ഇപ്പോഴും പ്രാവര്‍ത്തികമാക്കാത്ത വകുപ്പുകളുണ്ട്. പൊതുജനപരാതി പരിഹാരത്തിന് പ്രത്യേക സംവിധാനമെന്ന ശിപാര്‍ശയും നടപ്പായിട്ടില്ല.

പരാതി പരിഹാരം നിരീക്ഷിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പ്രധാനമായും ശിപാര്‍ശ ചെയ്തിരുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍ നിരീക്ഷണ സംവിധാനമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഇത് നടപ്പാക്കാനായെങ്കിലും കലക്ടറേറ്റുകളിലേക്കും മറ്റ് ഓഫിസുകളിലേക്കും ഘട്ടമായി നടപ്പാക്കണമെന്ന നിര്‍ദേശം യാഥാര്‍ഥ്യമായിട്ടില്ല. ജീവനക്കാര്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ പേരും ഉദ്യോഗവും വ്യക്തമാക്കുന്ന ‘ടാഗ്’ ധരിക്കണമെന്ന നിര്‍ദേശവും കടലാസിലൊതുങ്ങി. ഭൂരിഭാഗം കലക്ടറേറ്റുകളിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ടാഗ് ധരിക്കുന്നില്ല. മൂന്നാമത് റിപ്പോര്‍ട്ടില്‍ പറഞ്ഞ ധനപരമായ പരിഷ്കാരം സംബന്ധിച്ച ശിപാര്‍ശകളും അവഗണിക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ കഴിവ് മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം സംഘടിപ്പിക്കുന്നത് സംബന്ധിച്ചും അച്ചടക്കം പാലിക്കാനാവശ്യമായ നടപടികളടങ്ങുന്ന നാലാം റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അവസ്ഥയും ഇതുതന്നെ. യൂനിയനുകളുടെ എതിര്‍പ്പും നിസ്സഹകരണവുമാണ് ചില പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ വിഘാതമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.