വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന് അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പുകേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പിന്നാക്ക വികസന കോര്‍പറേഷന് പിടിവീഴും. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടും മതിയായ രേഖകള്‍ ഹാജരാക്കാതിരുന്നിട്ടും യോഗത്തിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന മുന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാകും കുടുക്ക് വീഴുക. ഉന്നത നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് പല ഓഫിസര്‍മാരും അനധികൃത ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തത്. എന്നാലിപ്പോള്‍, വെള്ളാപ്പള്ളി പുതിയ രാഷ്ട്രീയപ്രസ്ഥാനവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയപിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ അദ്ദേഹത്തിന് ഒത്താശ ചെയ്ത രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നേക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു. അതേസമയം, കേസില്‍ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമാകും. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസുമായി ആലോചിച്ച ശേഷമാകും അന്വേഷണസംഘത്തിന്‍െറ തുടര്‍നടപടി.

2003 മുതല്‍ 2005 വരെ മൂന്നുകോടിയാണ് എസ്.എന്‍.ഡി.പിക്ക് മൈക്രോ ഫിനാന്‍സ് ഇനത്തില്‍ കോര്‍പറേഷന്‍ കൈമാറിയത് (2003 -50 ലക്ഷം, 2004 -50 ലക്ഷം, ഒരുകോടി, 2005 -ഒരുകോടി). 2006 മുതല്‍ 2009 വരെ 7.85 കോടിയും കൈമാറി (2006 -1.75 കോടി, 2008 -രണ്ടുകോടി, 2009 -4.10 കോടി). രണ്ടാംഘട്ടത്തില്‍ വ്യാപക ക്രമക്കേടുകളാണ് നടന്നത്. കോര്‍പറേഷന്‍ മുഖേനയുള്ള മൈക്രോ ഫിനാന്‍സ് വായ്പക്ക് 2007-08, 2008-09, 2009-10 കാലയളവില്‍ അമിത പലിശ ഇനത്തില്‍മാത്രം രണ്ടരക്കോടിയോളം തട്ടിയെടുത്തതായാണ് കണക്കാക്കുന്നത്. ദരിദ്രരില്‍ ദരിദ്രരായവരുടെ ഉന്നമനത്തിന് വിനിയോഗിക്കാന്‍ അനുവദിച്ച തുകയാണ് പിന്നാക്ക ക്ഷേമത്തിന്‍െറ പേരില്‍ തട്ടിയെടുത്തത്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് 2014ല്‍ വീണ്ടും അഞ്ചുകോടികൂടി കോര്‍പറേഷന്‍ അനുവദിച്ചത്.

250 സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് രണ്ടുലക്ഷം വീതം സഹായം എത്തിക്കുമെന്ന് പറഞ്ഞാണ് വായ്പ തരപ്പെടുത്തിയത്. 3900 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍, പല സംഘങ്ങളും തങ്ങളുടെ പേരില്‍ വായ്പ എടുത്തത് അറിഞ്ഞിട്ടുപോലുമില്ല. വ്യാജ ഒപ്പിട്ട് യൂനിയന്‍ ഭാരവാഹികള്‍ വായ്പാതുക കൈപ്പറ്റുകയായിരുന്നു. ബെനിഫിഷ്യറി ലിസ്റ്റില്‍ എസ്.എന്‍.ഡി.പി യോഗം ഉള്‍പ്പെടുത്തിയ പല സംഘങ്ങള്‍ക്കും ഫണ്ട് നല്‍കാതെ മറ്റുപല സംഘങ്ങള്‍ക്കും തുക നല്‍കിയതായി പിന്നാക്ക വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസര്‍മാര്‍ നടത്തിയ ഫീല്‍ഡ് വിസിറ്റില്‍ ബോധ്യമായിട്ടുണ്ട്. ഇതിന്‍െറ രേഖകള്‍ ആസ്ഥാനത്തേക്ക് അയച്ചെങ്കിലും നടപടി ഉണ്ടായില്ല. എന്‍.ബി.സി.ഡി.സിയില്‍നിന്ന് ലഭിക്കുന്ന ഫണ്ട് കോര്‍പറേഷന്‍ രണ്ടുശതമാനം പലിശക്കാണ് എന്‍.ജി.ഒകള്‍ക്ക് നല്‍കുന്നത്. എന്‍.ജി.ഒകള്‍ ഈ തുക സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് നല്‍കുമ്പോള്‍ പരമാവധി അഞ്ചുശതമാനം വരെ പലിശ ഈടാക്കാം (അതില്‍ താഴെയും ആകാം). എന്നാല്‍, ഈ മാര്‍ഗനിര്‍ദേശം ലംഘിച്ച് 12 മുതല്‍ 18 ശതമാനം വരെ പലിശക്കാണ് എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പേരില്‍ സ്വയം സഹായസംഘങ്ങള്‍ക്ക് വായ്പ നല്‍കിയത്.

വെള്ളാപ്പള്ളി രാജിവെക്കണം –വി.എസ്

 മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഒന്നാംപ്രതിയായ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തൊടുന്യായങ്ങളും വിതണ്ഡവാദങ്ങളും ഉയര്‍ത്തി സ്വയം പരിഹാസ്യനാവാതെ, കേസിന്‍െറ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുകയാണ് നടേശന്‍ ചെയ്യേണ്ടത്. അതിന്, യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയും സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കുകയും വേണം.  അഴിമതിക്കേസില്‍ ഒന്നാംപ്രതിയായ ആള്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നത് എസ്.എന്‍.ഡി.പി യോഗത്തിനുതന്നെ അപമാനകരമാണെന്നും വി.എസ് പറഞ്ഞു.   

ഇനിയും കടിച്ചുതൂങ്ങരുത് –സുധീരന്‍

 സ്വന്തം അണികളെ വഞ്ചിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മൈക്രോ ഫിനാന്‍സ് ആരോപണം വന്നപ്പോള്‍ തന്നെ അദ്ദേഹം രാജിവെക്കേണ്ടതായിരുന്നു. പലരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും അദ്ദേഹം കടിച്ചുതൂങ്ങുകയായിരുന്നു.  ഇനിയും കടിച്ചുതൂങ്ങാതെ രാജിവെച്ച് അന്വേഷണം നേരിടണമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എഫ്.ഐ.ആര്‍ ഇട്ടാല്‍മാത്രം പ്രതിയാകില്ല –ചെന്നിത്തല

മൈക്രോ ഫിനാന്‍സ് ഇടപാടില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ടുമാത്രം അദ്ദേഹം പ്രതിയാകില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ആദ്യമായി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. അന്നുകണ്ടത്തെിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടുപോകുന്നതെന്നും ചെന്നിത്തല  പറഞ്ഞു.

രാഷ്ട്രീയ അസഹിഷ്ണുത –കുമ്മനം

 ഇടതുമുന്നണിയുടെ രാഷ്ട്രീയ അസഹിഷ്ണുത കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടുമുന്നണികളുടെയും ജനവിരുദ്ധനയങ്ങള്‍ അദ്ദേഹം തുറന്നുകാണിച്ചു. ഇതിന്‍െറ പ്രതികാരമായാണ് കേസെടുത്തത്. ഇതുകൊണ്ടൊന്നും ബി.ഡി.ജെ.എസിന്‍െറ സ്വാധീനം ഇല്ലാതാക്കാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കോടികളുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വെള്ളാപ്പള്ളിയെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. ഇത് രാഷ്ട്രീയ ധാര്‍മികതക്ക് ചേര്‍ന്നതല്ളെന്നും കുമ്മനം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.