ഒച്ചിനെ തിന്ന് ‘തീര്‍ക്കാം’; വിദഗ്ധര്‍ക്കിടയില്‍ ഭിന്നത

തൃശൂര്‍: മനുഷ്യനും കാര്‍ഷിക വിളകള്‍ക്കും അപകടമായ ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷ്യവസ്തുവാക്കാമെന്ന കണ്ടത്തെലിനെച്ചൊല്ലി ശാസ്ത്ര സമൂഹത്തില്‍ ഭിന്നത. ഇവ  ഭക്ഷ്യവസ്തുവാക്കുകയും കയറ്റുമതി ചെയ്ത് പണമുണ്ടാക്കുകയും ചെയ്യാമെന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും (സി.എം.എഫ്.ആര്‍.ഐ) കേരള സമുദ്ര പഠന സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരുടെ കണ്ടത്തെല്‍ അസംബന്ധമാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെ.എഫ്.ആര്‍.ഐ)യില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫോറസ്റ്റ് എന്‍ഡമോളജി വിഭാഗത്തിലെ ഡോ. കെ.എസ്. സജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഒച്ച് ഭീഷണി നേരിടുന്ന 33 രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ‘ഏഷ്യ-പസഫിക് ഫോറസ്റ്റ്സ് ഇന്‍വേസീവ് സ്പീഷീസ് നെറ്റ്വര്‍ക്കി’ന്‍െറ ആസ്ഥാനമാണ് തൃശൂര്‍ പീച്ചിയിലെ കെ.എഫ്.ആര്‍.ഐ.
ഭക്ഷണമാക്കാമെന്നും തോട് ആഭരണ നിര്‍മാണത്തിന് ഉപയോഗിക്കാമെന്നുമുള്ള പ്രചാരണം ഉട്ടോപ്യനാണെന്ന് ഡോ. സജീവ് പറഞ്ഞു. ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ നേരിട്ട് കാണുകയോ അനുഭവസ്ഥരോട് സംസാരിക്കുകയോ ചെയ്യാത്തവരാവണം  പിറകില്‍.
ആഫ്രിക്കന്‍ ഒച്ച് അധിനിവേശ ഇനമാണ്. അതേക്കുറിച്ച് പഠിച്ചവരാരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തതായി അറിവില്ല.

നിലവില്‍ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍ അവയെ തുരത്താന്‍ കെ.എഫ്.ആര്‍.ഐയുടെ അറിവുകള്‍  പ്രയോജനപ്പെടുത്തുന്നുണ്ട്.  മുന്നില്‍ ഭൂട്ടാനാണ്. ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍  കടുത്ത ഭീഷണിയിലാണ്. ഭീഷണി സഹിക്കുകയല്ലാതെ മറ്റു വഴിയില്ലാത്ത അവസ്ഥയിലാണ് അവര്‍.
എത്രയോ രാജ്യങ്ങള്‍ ഇവക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. ഏറക്കുറെ വിജയം കണ്ടത് ഫ്ളോറിഡ മാത്രമാണ്.  അവര്‍ ചെലവഴിച്ചത് മില്യണ്‍ ഡോളറാണ്. അവിടെ അതിനു സര്‍ക്കാര്‍ വകുപ്പു തന്നെയുണ്ട്.

ലോകത്ത് രണ്ടു തവണ പരാജയപ്പെട്ട ആശയമാണിത്. മുമ്പ് ഭക്ഷ്യവസ്തുവായി ചൈന രണ്ട് കണ്‍സൈന്‍മെന്‍റ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. പരിശോധനയില്‍ മെനഞ്ചൈറ്റിസിന് കാരണമാവുന്ന വിരകളുടെ സാന്നിധ്യം കണ്ടത്തെിയതിനാല്‍  നശിപ്പിച്ചു.

ബ്രസീലാണ് ‘ പരീക്ഷണം’ നടത്തിയ മറ്റൊരു രാജ്യം.  രണ്ട് ഒച്ചുകളും അവക്കുള്ള ഭക്ഷണവും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സംസ്കരണം പ്രശ്നമായതോടെ ഉപേക്ഷിച്ചു. ഒച്ച് വ്യാപനം വന്‍ ഭീഷണിയാവുകയും ചെയ്തു.

കേരളത്തില്‍, പ്രത്യേകിച്ച് മഴക്കാലത്ത് ആഫ്രിക്കന്‍ ഒച്ചിനെതിരെ കെ.എഫ്.ആര്‍.ഐ ഫലപ്രദ പരീക്ഷണം നടത്തുമ്പോഴാണ്  തെറ്റായ കണ്ടത്തെലുമായി ഒരു വിഭാഗം ഇറങ്ങിയത്. താറാവിന് ചെറിയ ഒച്ചുകളെയേ ഭക്ഷിക്കാനാവൂ. അതിനെക്കാള്‍ ഫലപ്രദം പന്നികളാണ്. ഒരു ജീവിയും ജന്മനാട്ടില്‍ പെരുകി ഭീഷണിയാവാത്തത് അതിനെ ആഹരിക്കുന്ന മറ്റൊരു ജീവി ഉള്ളതിനാലാണ്. അധിനിവേശ ജീവികള്‍ക്കുള്ള പ്രശ്നം, അവ മറ്റൊരു പ്രദേശത്തത്തെിയാല്‍ ഇത്തരം സ്വാഭാവിക നശീകരണം ഇല്ലാതാവും. പെരുകും. ഈ ഒച്ച് ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ അധിനിവേശ ഇനമാണ്.
കേരളത്തില്‍ നിലവില്‍ 136 പ്രദേശങ്ങളില്‍ സാന്നിധ്യമുണ്ട്. പത്തനംതിട്ട കോന്നിയില്‍  വ്യാപനം നിയന്ത്രിക്കാന്‍ ആരോഗ്യം, വനം വകുപ്പുകള്‍ ഇടപെടാതെ വരികയും കൃഷിവകുപ്പ് വിതരണം ചെയ്ത ‘മെറ്റാല്‍ ഡിഹൈഡ്’ എന്ന മരുന്ന് മറ്റ് ജലജീവികളെ നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ.എഫ്.ആര്‍.ഐ ഇടപെട്ടത്.

അന്ന് തുടങ്ങിയ ഗവേഷണത്തില്‍ പുകയില കഷായവും തുരിശും ചേര്‍ന്ന മിശ്രിതമാണ്  നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമെന്ന് കണ്ടത്തെി. മൂന്ന് വര്‍ഷമായി തുടരുന്ന ശ്രമ ഫലമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ കെ.എഫ്.ആര്‍.ഐയുമായി സഹകരിക്കുന്നുണ്ട്. കുടുംബശ്രീ, ആശാ വര്‍ക്കര്‍മാരുടെ സഹകരണവുമുണ്ട്.

പോഷക മൂല്യം മാത്രമല്ല, സംസ്കാരം കൂടിയാണ് ഭക്ഷണശീലമെന്നും ആഫ്രിക്കന്‍ ഒച്ചുകളുടെ എണ്ണം  പരിധി കഴിഞ്ഞാല്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥ വരുമെന്നും ഡോ. സജീവ് മുന്നറിയിപ്പ് നല്‍കി. കൊച്ചിയിലെ ശില്‍പശാലയില്‍ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞര്‍ക്കും കണ്ടത്തെലുകള്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.-

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.