സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം; 52 ദിവസം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒമ്പതിന് അർധരാത്രി 12 മണിക്ക് നിലവിൽ വരുന്ന ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രി 12 മണി വരെ നീളും. മത്സ്യസമ്പത്ത് വർധിപ്പിക്കുക ലക്ഷ്യമിട്ട് പ്രജനനസമയമായ മൺസൂൺ കാലത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുന്ന നടപടിയാണ് ട്രോളിങ് നിരോധനം.

ട്രോളിങ് നിരോധന കാലയളവിൽ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ല കലക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലതല തീരുമാനങ്ങൾ കൈക്കൊള്ളണം. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ല കലക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കണം. 

Tags:    
News Summary - Trolling ban in state from June 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.