ഹരിപ്പാട് കരുവാറ്റയിൽ വൻ തീപിടിത്തം; അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു

ഹരിപ്പാട്: തീപിടിത്തത്തിൽ അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തി നശിച്ചു. ദേശീയപാതക്കരികിൽ കരുവാറ്റ ആശ്രമം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കർഷകന്റെ കട എന്ന പേരുള്ള കാർഷിക ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനമാണ് പൂർണമായും നശിച്ചത്. കരുവാറ്റ ലൈലാ നിവാസിൽ സനൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. വീടിനോട് ചേർന്നാണ് കട പ്രവർത്തിക്കുന്നത്.

ബുധനാഴ്ച പുലർച്ച അഞ്ചുമണിയോടെ കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഉടമസ്ഥനെ വിവരമറിയിച്ചത്. അപ്പോഴേക്കും മേൽക്കൂരയിലേക്ക് തീ പടർന്നിരുന്നു.

നാട്ടുകാർ ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാൽ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തിയപ്പോഴേക്കും കടയും അതിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിയമർന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക യന്ത്രങ്ങളും കത്തിയമർന്നു. 25 ലക്ഷം രൂപയുടെ സാധനങ്ങൾ പൂർണമായും കത്തിച്ചാമ്പലായതായി സനൽ മുഹമ്മദ് പറഞ്ഞു.

ഇരുമ്പ് തൂണുകളിൽ ടിൻ ഷീറ്റും ഇഷ്ടികയും ഉപയോഗിച്ചാണ് കട നിർമിച്ചിരുന്നത്. മേൽക്കൂര ഓടും ഷീറ്റുമാണ്. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Tags:    
News Summary - Agriculture supermarket caught fire in Haripad Karuvata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.