അധ്യാപക നിയമന വിവാദം: സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: കരുവാരക്കുണ്ട് ഡി.എൻ.ഒ യു.പി സ്കൂളിൽ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദം സമസ്തക്കുള്ളിൽ തന്നെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കെ, നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുക്കം ഉമ്മർ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മോയിൻകുട്ടി മാസ്റ്റർ എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സമസ്ത ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത് എന്ന് സംഘടനയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സ്കൂളിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ചർച്ചയായതായാണ് സൂചന. അബ്ദുൽ ഹമീദ് ഫൈസിയുടെ മകളും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് അധ്യാപകരുടെ നിയമനത്തിന് വ്യാജരേഖയുണ്ടാക്കി എന്ന് മലപ്പുറം ഡി.ഡി.ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അധ്യാപകർക്കും മനേജർക്കുമെതിരെ ക്രിമിനൽ നടപടി വേണമെന്നും ഇവർ കൈപ്പറ്റിയ ശമ്പളം 18 ശതമാനം പലിശ സഹിതം തിരിച്ചടക്കണമെന്നുമാണ് ഡി.ഡി.ഇയുടെ ശിപാർശ.

അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വാർത്തയായതോടെ സമസ്തക്കുള്ളിൽ ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോര് കനത്തിരിക്കയാണ്. അതിനിടെ ഡി.എൻ.ഒ യു.പി സ്കൂൾ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ സൊസൈറ്റി പ്രവർത്തക സമിതിയോഗം കഴിഞ്ഞ ദിവസം ചേർന്നു. വിഷയം വിവാദമായ സാഹചര്യത്തിലായിരുന്നു യോഗം. സൊസൈറ്റിയുടെ പ്രസിഡന്റായ സാദിഖലി തങ്ങളെ വിഷയം ധരിപ്പിക്കാനാണ് തീരുമാനം.

Tags:    
News Summary - Samastha leaders met the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.