മലയാളികളുടെ തിരോധാനം: ഐ.എസില്‍ ചേര്‍ന്നതിന് തെളിവില്ല

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതാന്‍ തെളിവില്ളെന്ന് ഡല്‍ഹി ഇന്‍റലിജന്‍സ് ബ്യൂറോ ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗം. അതേസമയം, ഇവര്‍ ഐ.എസുമായി ബന്ധം സ്ഥാപിച്ചിരിക്കാനും ഐ.എസ് സ്വാധീന മേഖലയിലേക്ക് പോയിരിക്കാനുമുള്ള സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ഐ.എസ് ബന്ധം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഇരുട്ടില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതായി യോഗത്തിലെ നിരീക്ഷണങ്ങള്‍.

മലയാളികളുടെ തിരോധാനമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ഇവരെക്കുറിച്ച് സംസ്ഥാന പൊലീസിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യം സ്ഥിരീകരിക്കാനും പോയവരെ കണ്ടത്തൊനുമുള്ള അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കും. കാണാതായവര്‍ യാത്രചെയ്തതായി സംശയിക്കുന്ന ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സഹായം തേടും.

സംസ്ഥാനങ്ങളില്‍നിന്ന് പൊലീസ്, രഹസ്യാന്വേഷണ വിഭാഗം മേധാവികളും റോ, ഐ.ബി, എന്‍.ഐ.എ തുടങ്ങി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി എ.ഡി.ജി.പി ആര്‍. ശ്രീലേഖയുമുണ്ടായിരുന്നു. കേരളത്തിലെ തിരോധാനം ചര്‍ച്ചചെയ്തതായും ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള  തെളിവ് ലഭിച്ചിട്ടില്ളെന്നും  യോഗത്തിനുശേഷം ശ്രീലേഖ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ളെന്നും അവര്‍ വ്യക്തമാക്കി.

കേരളത്തിലേതിനു സമാനമായ രീതിയില്‍ ആളുകളെ കാണാതായതായി മറ്റു സംസ്ഥാനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്നാണ് ഐ.എസ് ബന്ധം സംശയിക്കാവുന്ന തരത്തിലുള്ള ദുരൂഹ തിരോധാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തരം കേസുകളില്‍ വിശദവിവരം ശേഖരിക്കും. ഐ.എസ് സാന്നിധ്യം സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.