കൃഷിമന്ത്രിയുടെ ഇടപെടല്‍ ഫലിച്ചു; വിവാദ വിരമിക്കല്‍ ഉത്തരവ് പിന്‍വലിച്ചു

തൃശൂര്‍: സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തി കേരള കാര്‍ഷിക സര്‍വകലാശാല ഇറക്കിയ അധ്യാപകരുടെ വിരമിക്കല്‍ ദീര്‍ഘിപ്പിച്ച ഉത്തരവ് മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തത്തെുടര്‍ന്ന് പിന്‍വലിച്ചു. കാര്‍ഷിക സര്‍വകലാശാല നിയമപ്രകാരം അധ്യാപകര്‍ 60 വയസ്സ് തികയുന്ന ദിവസം വിരമിക്കണമെന്നത് മാറ്റി മാര്‍ച്ച് 31 ആക്കി ഈ മാസം അഞ്ചിന് ഇറക്കിയ  ഉത്തരവാണ് റദ്ദാക്കിയത്. പുതിയ ഉത്തരവനുസരിച്ച് 60 വയസ്സ് തികയുന്ന മാസത്തിന്‍െറ അവസാന പ്രവൃത്തി ദിനത്തില്‍ അധ്യാപകര്‍ വിരമിക്കണം. അനിശ്ചിതത്വത്തിനൊടുവില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ എടുത്ത കര്‍ശന നിലപാടിന് സര്‍വകലാശാലക്ക് വഴങ്ങേണ്ടി വന്നു. പുതിയ ഉത്തരവ് വൈസ് ചാന്‍സലറാണ് ഇറക്കിയിരിക്കുന്നത്.

സര്‍ക്കാറന്‍െറ നിര്‍ദേശപ്രകാരം ഇറക്കിയ പുതിയ ഉത്തരവിലും കേരള സര്‍വിസ് ചട്ടത്തിന്‍െറയും കേരള സര്‍വകലാശാലാ ആക്ടിന്‍െറയും ലംഘനമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള സര്‍വിസ് ചട്ടപ്രകാരം 56 വയസ്സും കെ.എ.യു ആക്ട് അനുസരിച്ച് 60 വയസ്സ് തികയുന്ന ദിവസവും വിരമിക്കണം. ഇത് ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തിടത്തോളം പുതിയ ഉത്തരവിനും ദൗര്‍ബല്യങ്ങളുണ്ടെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈമാസം രണ്ട് മുതല്‍ വിരമിക്കുന്നവരുടെ വിരമിക്കലാണ് അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാക്കി ഏകീകരിച്ചുകൊണ്ട് സര്‍വകലാശാല ഉത്തരവിറക്കിയത്. ഇതിന്‍െറ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിരമിക്കേണ്ട രണ്ടുപേര്‍ വിരമിച്ചിട്ടില്ല. അവരുള്‍പ്പെടെ ഈമാസം വിരമിക്കേണ്ടവര്‍ പുതിയ ഉത്തരവനുസരിച്ച് മാസത്തിന്‍െറ അവസാന പ്രവൃത്തി ദിവസം വിരമിക്കണം.

കഴിഞ്ഞ മേയ് ആദ്യവാരത്തില്‍ വിരമിക്കേണ്ടിയിരുന്ന, ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജിം തോമസ് തന്‍െറ വിരമിക്കല്‍ അതേ മാസത്തിലെ അവസാന പ്രവൃത്തിദിവസം വരെ നീട്ടണമെന്നും അത്രയും ദിവസം താന്‍ ശമ്പളമില്ലാതെ ജോലി ചെയ്യാമെന്നും കാണിച്ച് ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി അത് അനുസരിച്ചു. മെയ് അവസാനമാണ് അദ്ദേഹം വിരമിച്ചത്. സര്‍വകലാശാല ഇന്നലെ ഇറക്കിയ ഉത്തരവില്‍ ശമ്പളത്തിന്‍െറ കാര്യം പറയുന്നില്ല. മാര്‍ച്ച് 31 വരെ ഏകീകരിച്ച് ഇറക്കിയ ഉത്തരവ് മന്ത്രിയുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ച് പുതിയ ഉത്തരവിറക്കുന്നതായാണ് പറയുന്നത്.

ഈമാസം രണ്ടിന് ഇറക്കിയ ഉത്തരവ് പൊതുവായി ഇറക്കുന്നതിന് പകരം അടുത്ത ദിവസങ്ങളില്‍ വിരമിക്കേണ്ട അധ്യാപകര്‍ ജോലി ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് മാത്രമാണ് അയച്ചതെങ്കില്‍ പുതിയ ഉത്തരവ് എല്ലായിടത്തേക്കും അയച്ചിട്ടുണ്ട്. സര്‍ക്കാറുമായി, പ്രത്യേകിച്ച് കൃഷിമന്ത്രിയുമായി ഏറ്റുമുട്ടുന്ന സാഹചര്യം രൂപപ്പെടുമെന്ന് വന്നതോടെയാണ് സര്‍വകലാശാല നിലപാട് മാറ്റിയത്. ഉത്തരവ് തിരുത്തിയില്ളെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് വൈസ് ചാന്‍സലറെ അറിയിച്ചതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.