പതിനായിരത്തിലേറെ പട്ടികജാതി കുടുംബങ്ങളുടെ വീടുപണി മുടങ്ങി

കോട്ടയം: സംസ്ഥാനത്ത് പതിനായിരത്തിലേറെ പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ പാതിവഴിയില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നു. 2007 മുതല്‍ സംസ്ഥാനത്ത് അനുവദിച്ച വീടുകളാണിങ്ങനെ പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഒരു പതിറ്റാണ്ടായി ചുമരുകളിലും അടിത്തറയിലും ഒതുങ്ങിയ വീടുകളാണേറെയും.
പട്ടികജാതി വകുപ്പില്‍നിന്ന് വീടുവെക്കാന്‍ അനുവദിച്ച പണം വീടൊരുക്കാന്‍ തികയാത്തതാണ് പണി മുടങ്ങാന്‍ കാരണം. വകുപ്പ് അനുവദിച്ച തുകക്ക് പുറമെ ലോണ്‍വഴി കണ്ടത്തെിയ പണമുപയോഗിച്ചാണ് പലരും വീടുപണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇങ്ങനെ പണം കണ്ടത്തൊന്‍പോലും സാമ്പത്തിക ശേഷിയില്ലാത്തവരുടെ വീടുകളാണ് മുടങ്ങിയത്.

മൂന്നുഘട്ടമായാണ് കുടുംബങ്ങള്‍ക്ക് തുക കൈമാറുന്നത്. ഓരോഘട്ടവും പൂര്‍ത്തിയാക്കുമ്പോഴാണ് അടുത്ത ഘട്ടത്തിന്‍െറ തുക കൈമാറുന്നത്. എന്നാല്‍, ആദ്യഘട്ടം പോലും പൂര്‍ത്തിയാകാത്ത വീടുകള്‍ വരെ സംസ്ഥാനത്തുണ്ട്. ഇങ്ങനെ രണ്ടും മൂന്നും ഘട്ടമായിട്ടും വാസയോഗ്യമാക്കാന്‍ പറ്റാത്തഘട്ടത്തിലാണ് പല വീടുകളുടെയും അവസ്ഥ. സ്വന്തമായി വീടില്ലാത്ത 20,755 കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നായിരുന്നു 2008ല്‍ നടന്ന കണക്കെടുപ്പ് പ്രകാരം കണ്ടത്തെിയത്.
ഇപ്പോള്‍ ഇത് ഇരട്ടിയിലേറെ ആയിട്ടുണ്ടാകും. ഓരോവര്‍ഷവും ഫണ്ടിന്‍െറ ലഭ്യതയനുസരിച്ച് 3000 കുടുംബങ്ങള്‍ക്ക് വരെ വീട് അനുവദിച്ചിരുന്നു. ഇത് പ്രകാരം 2001 മുതല്‍ 2011വരെ 78,576 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ ധനസഹായം അനുവദിച്ചിരുന്നുവെന്നാണ് ഒൗദ്യോഗിക രേഖകള്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ഒരുലക്ഷം രൂപയായിരുന്നു വീടുവെക്കാന്‍ അനുവദിച്ചത്. പിന്നീട് രണ്ടുലക്ഷമായും തുടര്‍ന്ന് രണ്ടരലക്ഷമായും ഉയര്‍ത്തിയിരുന്നു.

നിലവില്‍ മൂന്നുലക്ഷം രൂപയാണ് വീടുവെക്കാന്‍ നല്‍കുന്നത്. എന്നാല്‍, സര്‍ക്കാറില്‍നിന്ന് പൂര്‍ണമായും പണം കൈപ്പറ്റിയിട്ടും വീട് പണി പൂര്‍ത്തിയാകാത്തവരെ സന്നദ്ധ സംഘടനകള്‍ സഹായിക്കണമെന്നായിരുന്നു ബജറ്റില്‍ ധനമന്ത്രിയുടെ നിര്‍ദേശം. പൂര്‍ണ ധനസഹായം ലഭിക്കാത്തതിനാല്‍ പണി പൂര്‍ത്തിയാകാത്തവര്‍ക്ക് കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.