ആറളം ഫാമിന്‍െറ 300 ഏക്കര്‍ കൃഷിഭൂമി ഇഗ്നോക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം: ആദിവാസികളുടെ പുനരധിവാസകേന്ദ്രമായ ആറളം ഫാമിലെ ഭൂമി ചട്ടം ലംഘിച്ച് കൈമാറാന്‍ നീക്കം. ഇന്ദിരഗാന്ധി ഓപണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) യുടെ ഉപകേന്ദ്രം ആരംഭിക്കാനാണ് ആറളം ഫാമിങ് കോര്‍പറേഷന്‍െറ ഭൂമി കൈമാറാന്‍ നീക്കം നടത്തുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്ഥലം എം.എല്‍.എ സണ്ണി ജോസഫിന്‍െറ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നത്. സഥലം വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് ആറളം കമ്പനി അധികൃതരും ഉറപ്പുനല്‍കിയിരുന്നു. എം.എല്‍.എ ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മാറിയിട്ടും ഇഗ്നോ ഡയറക്ടര്‍ പനിനീര്‍ശെല്‍വം, അസി.ഡയറക്ടര്‍ ഡോ.പ്രമീള എന്നിവരടങ്ങിയ സംഘം ഈമാസം ആദ്യവാരം സ്ഥലസന്ദര്‍ശനം നടത്തി. ഇവര്‍ ആറളംഫാം എം.ഡി. ടി.കെ. വിശ്വനാഥന്‍ നായര്‍, പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ ഗിരീഷ്, ഫാമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചയും നടത്തി.

കേന്ദ്ര സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന ആറളം ഫാം ആദിവാസി പുനരധിവാസത്തിനാണ് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറ്റെടുത്തത്. അതില്‍ പകുതി ഭൂമി ഉപയോഗപ്പെടുത്തി ആറളം ഫാമിങ് കോര്‍പറേഷന്‍ കമ്പനി രൂപവത്കരിച്ചു. എന്നാല്‍, ഇതിന്‍െറയും ഉടസ്ഥതത പട്ടികവര്‍ഗ വകുപ്പിനാണ്. അതിനാല്‍ പട്ടികവര്‍ഗവകുപ്പ് സെക്രട്ടറി തീരുമാനമെടുത്താല്‍ ഭൂമി കൈമാറ്റം നടത്താമെന്നാണ്എം.എല്‍.എയുടെ അഭിപ്രായം.  
നേരത്തേ കമ്പനിഅധികൃതര്‍ ഭൂമി പൈനാപ്പ്ള്‍ കൃഷിക്ക് പാട്ടത്തിന് നല്‍കിയത് വിവാദമായിരുന്നു. വിഷയം വിവാദമായപ്പോള്‍ പൈനാപ്പ്ള്‍ കൃഷി അവസാനിപ്പിക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.

തൊട്ടുപിന്നാലേ ഫാമില്‍ ചെങ്കല്‍ക്വാറി തുടങ്ങാനും അധികൃതരുടെ നീക്കമുണ്ടായി. ഇതിനായി നിലമൊരുക്കുകയും ചെയ്തു. എന്നാല്‍, ആദിവാസികളുടെ നില്‍പ്സമരത്തെ തുടര്‍ന്നുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയത്തെുടര്‍ന്നാണ് ഈ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. ആറളത്തെ ഭൂമി സര്‍വകലാശാല ഉപകേന്ദ്രത്തിന് കൈമാറാന്‍ നിയമപരമായി കഴിയില്ല. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത പട്ടികവര്‍ഗപ്രദേശം (അഞ്ചാം ഷെഡ്യൂള്‍) പ്രഖ്യാപിക്കുന്ന ആദ്യസ്ഥലങ്ങളിലൊന്ന് ആറളമാണ്.

ഭൂമി കൈമാറാന്‍ ആറളം ഫാമിങ് കോര്‍പറേഷനോ ആദിവാസി പുനരധിവാസമിഷനോ അധികാരമില്ളെന്നിരിക്കെ ഇപ്പോള്‍ നടക്കുന്ന നീക്കത്തില്‍ ദുരൂഹതയുണ്ട്. ആദിവാസികള്‍ക്ക് ഉന്നതവിദ്യാഭ്യാസസൗകര്യം ഒരുക്കാനെന്ന വ്യാജേനയാണ് ഉപകേന്ദ്രത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വയനാട്ടിലെ പൂക്കോട്ട് ആദിവാസിപുനരധിവാസത്തിന് നല്‍കിയ ഭൂമി വെറ്ററിനറി സര്‍വകലാശാലക്ക് കൈമാറിയത് നിയമവിരുദ്ധമാണെന്ന് നേരത്തേ കേന്ദ്ര ട്രൈബല്‍ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.