ഭീകരബന്ധം സംശയിക്കുന്ന ദമ്പതികളുടെ തിരോധാനം: പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട്/തിരുവനന്തപുരം: പാലക്കാട് നഗരത്തിലെ യാക്കര സ്വദേശികളായ രണ്ട് സഹോദരന്‍മാരെയും ഭാര്യമാരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന സംശയമുയര്‍ന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ ഇവരെ കാണാനില്ളെന്ന് പരാതി നല്‍കിയത്.

യാക്കര തലവാലപറമ്പില്‍ ബെസ്റ്റിന്‍ എന്ന യഹിയ (24), ബെക്സന്‍ എന്ന ഈസ (31) എന്നിവരെ കാണാനില്ളെന്ന് പിതാവ് വിന്‍സെന്‍റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബെസ്റ്റിനേയും ഭാര്യ മെറിനേയും (മറിയം) മേയ്15 മുതലും ബെക്സനേയും ഭാര്യ നിമിഷയെയും (ഫാത്തിമ) മേയ് 18 മുതലും കാണാനില്ളെന്നാണ് പരാതി. പഠനത്തിനും വ്യാപാരത്തിനുമായി ശ്രീലങ്കയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇവര്‍ പോയത്. എന്നാല്‍, കാസര്‍കോട് സ്വദേശികളായ ചിലരോടൊപ്പം ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്നതോടെയാണ് പിതാവ് പരാതി നല്‍കിയത്. വിന്‍സന്‍റിന്‍െറ വീടിന് സമീപം യാക്കര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപത്താണ് മക്കള്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

ബെസ്റ്റിന്‍ ബംഗളൂരുവില്‍ പഠിക്കാന്‍ പോയശേഷം ഇസ്ലാംമതം സ്വീകരിച്ചെന്നാണ് അറിഞ്ഞതെന്ന് രണ്ടാനമ്മയും വിന്‍സെന്‍റിന്‍െറ ഭാര്യയുമായ എല്‍സി പറഞ്ഞു. വിന്‍സന്‍റിന്‍െറ ആദ്യഭാര്യ മരിച്ചതിനെ തുടര്‍ന്ന് വിവാഹം കഴിച്ച ഗ്രേസിയുടെ മക്കളാണ് ബെസ്റ്റിനും ബെക്സനും. ഗ്രേസി പിന്നീട്, വിന്‍സന്‍റിനെ ഉപേക്ഷിച്ച് പോകുകയായിരുന്നത്രെ. ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിയാണ് വിന്‍സെന്‍റ്. ബെസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടാണ് കൊച്ചി സ്വദേശിനി മെറിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് പേര് മറിയം എന്നാക്കി.

2011ലാണ് തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം തെക്കേവീട്ടില്‍ നിമിഷ കാസര്‍കോട് സെഞ്ചൂറിയന്‍ ഡെന്‍റല്‍ കോളജില്‍ ബി.ഡി.എസിന് ചേര്‍ന്നത്. ഇവിടെവെച്ച് എം.ബി.എ ബിരുദധാരിയായ ഇസയുമായി അടുപ്പത്തിലായി. ബക്സന്‍ വിന്‍സെന്‍റ് എന്നായിരുന്നു ഇസയുടെ ആദ്യപേര്. പിന്നീട് ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ബി.ഡി.എസിന് പഠിക്കവെയായിരുന്നു ബെക്സനുമായുള്ള നിമിഷയുടെ വിവാഹം. വിവാഹത്തിന് മുമ്പ് നിമിഷയുടെ പേര് ഫാത്തിമയെന്നാക്കിയിരുന്നു.

വീടുവിട്ടുപോകുന്ന സമയത്ത് ഇരുവരുടേയും ഭാര്യമാര്‍ ഗര്‍ഭിണിമാരായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. യുവാക്കളുടെ വിവാഹം നടത്തിയത് കാസര്‍കോട്ടുള്ള സുഹൃത്തുക്കളാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബെസ്റ്റിനും ബെക്സനും തങ്ങളുടെ സ്വത്തുക്കള്‍ രക്ഷിതാക്കളുടെ പേരില്‍ എഴുതി വെച്ചതായും സൂചനയുണ്ട്.
നിമിഷയെ കാണാനില്ളെന്നുകാണിച്ച് അമ്മ ബിന്ദു കഴിഞ്ഞ ജൂണ്‍ ഏഴിന് എ.ഡി.ജി.പി ശ്രീലേഖക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം വേണ്ടരീതിയില്‍ നടന്നില്ളെന്നും മകള്‍ ഐ.എസ് ക്യാമ്പിലത്തെിയതായി സംശയിക്കുന്നെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. നിമിഷയുടെ സഹോദരന്‍ ദേശീയ സുരക്ഷാസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്.

2015 നവംബര്‍ 11ന് നിമിഷയെ കോളജില്‍നിന്ന് കാണാതായതിനത്തെുടര്‍ന്ന് ബിന്ദു അന്നത്തെ ഡി.ജി.പി ടി.പി. സെന്‍കുമാറിന് പരാതി നല്‍കി. മൂന്നുദിവസത്തിനുശേഷം നിമിഷയും ഇസയും ഇസയുടെ മാതാപിതാക്കളും കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇവിടെവെച്ചാണ് ഇരുവരും വിവാഹിതരായതായും നിമിഷ ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും അറിഞ്ഞതെന്ന് ബിന്ദു പറയുന്നു. തുടര്‍ന്ന് രണ്ടുമാസം മകളുടെ ഒരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് ബിന്ദു ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയും കോടതി നിമിഷയെ ഇസക്കൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് യാക്കരയിലെ വീട്ടിലാണ് നിമിഷ ഉണ്ടായിരുന്നത്. അവിടെ ചെന്ന് മകളെ കാണുകയും രണ്ടുതവണ ഇസയും ഫാത്തിമയും ബിന്ദുവിന്‍െറ തിരുവനന്തപുരത്തെ വീട്ടിലത്തെുകയും ചെയ്തിരുന്നു.  

കഴിഞ്ഞ മേയിലാണ് ബിസിനസ് ആവശ്യത്തിന് ഇരുവരും ശ്രീലങ്കക്ക് പോകുന്നതായി ബിന്ദുവിനെ അറിയിച്ചത്. ജൂണ്‍ മൂന്നിനാണ് അവസാനമായി വാട്സ് ആപ്പിലൂടെ ബിന്ദുവിന് മകളുടെ സന്ദേശം ലഭിച്ചത്. പിന്നീട് വിവരമൊന്നുമില്ളെന്ന് ബിന്ദു പറയുന്നു. ഇതുസംബന്ധിച്ച് പാലക്കാട്ടെ വീട്ടില്‍ അന്വേഷിച്ചെങ്കിലും 60 ലക്ഷവുമായാണ് ഇരുവരും ശ്രീലങ്കക്ക് പോയതെന്ന മറുപടിയാണ് ഇസയുടെ മാതാപിതാക്കള്‍ നല്‍കിയത്. ഇതുസംബന്ധിച്ച് അന്നത്തെ ഇന്‍റലിജന്‍സ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ശനിയാഴ്ച പത്രവാര്‍ത്തകളിലൂടെയാണ് പാലക്കാട്ടുനിന്ന് കാണാതായ നാലുപേരില്‍ മകളുമുള്ളതായി ബിന്ദു അറിഞ്ഞത്.

കാസര്‍കോട്ട് 15 പേരെ കാണാതായതായി പരാതി

തൃക്കരിപ്പൂര്‍ (കാസര്‍കോട്): അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ കാണാതായ സംഭവത്തില്‍ ചന്തേര പൊലീസില്‍ രണ്ടു പരാതികള്‍ ലഭിച്ചു. കാണാതായ വടക്കേപ്പുറം സ്വദേശി മുര്‍ഷിദിന്‍െറ (24) പിതാവ് വി.കെ.ടി. മുഹമ്മദ്, കാവുന്തലയിലെ സാജിദിന്‍െറ (24) സഹോദരന്‍ മുബാറിഷ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ അവസാനം വിളിച്ച തീയതിയും പറഞ്ഞകാര്യങ്ങളും ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളും ഉള്‍ക്കൊള്ളിച്ച പരാതിയാണ് നല്‍കിയത്.
ഭീകര, ഐ.എസ് ബന്ധങ്ങളെക്കുറിച്ച് പരാതിക്കാര്‍ സൂചന നല്‍കിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. കാണാതായത് സംബന്ധിച്ച് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പടന്ന ബസാറിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, മകന്‍ രണ്ടരവയസ്സുള്ള ഹനാന്‍, അനുജന്‍ ശിഹാബ്, ഭാര്യ അജ്മല, തെക്കേപ്പുറം പെട്രോള്‍ പമ്പിന് സമീപത്തെ അഷ്വാല്‍, ഭാര്യ ഷംസിയ, വടക്കേപ്പുറത്തെ മുര്‍ഷിദ്, കാവുന്തലയിലെ സാജിദ്, പടന്നയിലെ ഹഫീസുദ്ദീന്‍, തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ്, ഭാര്യ, ഇവരുടെ കുടുംബസുഹൃത്തുക്കളായ ഈസ, യഹ്യ, ഇവരുടെ ഭാര്യമാര്‍ എന്നീ 15 പേരെയാണ് തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്ന് കാണാതായത്.

കാണാതായ എല്ലാവരും വീട്ടില്‍ വിവരമറിയിച്ചവരാണ്. ഇവര്‍ വീട്ടില്‍ പറഞ്ഞകാര്യങ്ങള്‍ നാട്ടുകാര്‍ പരസ്പരം കൈമാറിയപ്പോഴാണ് ആശങ്കയുണ്ടായത്. തുടര്‍ന്നാണ് ജൂലൈ ഏഴിന് പി. കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്തംഗം ഡോ. വി.പി.പി. മുസ്തഫ എന്നിവരോട് വിവരം പറഞ്ഞ് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയത്. മേയ് 28ന് കോഴിക്കോട്ടേക്കെന്ന് പറഞ്ഞാണ് ഹഫീസുദ്ദീന്‍ പുറപ്പെട്ടതെന്ന് പിതാവ് ഹക്കീം ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു. നാലു ദിവസംകൂടിവേണമെന്നും ഖുര്‍ആന്‍ ക്ളാസുണ്ടെന്നും പറഞ്ഞു. ഒടുവില്‍ ശ്രീലങ്കയില്‍ എത്തിയെന്ന വിവരം ലഭിച്ചു. പെരുന്നാളിന് തലേദിവസം താന്‍ ഇസ്ലാമിക രാജ്യത്താണെന്നും തന്‍െറരീതിയില്‍ ജീവിക്കാന്‍ കഴിയുന്നുവെന്നും പറഞ്ഞുള്ള മൊബൈല്‍സന്ദേശം മറ്റൊരു ഫോണില്‍നിന്ന് ലഭിച്ചു. എല്ലാ ഇസ്ലാമിക സംഘടനകളെയും കുറ്റപ്പെടുത്തുന്ന സന്ദേശവും ഉണ്ടായിരുന്നു.

ഇതിന് ഒരാഴ്ചമുമ്പാണ് ഡോ. ഇജാസും കുടുംബവും സ്ഥലംവിട്ടത്. സഹോദരനും കുടുംബവും ഉള്‍പ്പെടെ അഞ്ചംഗങ്ങളാണ് പോയത്. ഇജാസിന്‍േറതെന്ന് സംശയിക്കുന്ന ഒരു വാട്സ് ആപ് സന്ദേശമാണ് ലഭിച്ചത്. കൂടെപ്പോയ മറ്റുള്ളവരുടെ സന്ദേശങ്ങള്‍ ലഭിച്ചില്ല. ‘ഖലീഫഭരണത്തിന് കീഴിലാണ്, ശാന്തിയും സമാധാനവുമുണ്ട്, നിങ്ങളും ഉടനെ പുറപ്പെടുക’ എന്ന സന്ദേശമാണതിലുള്ളത്. ഇതൊന്നും ഇജാസിന്‍േതാണെന്നതിന് തെളിവില്ല. എന്നാല്‍, സന്ദേശം ലഭിച്ചത് വീട്ടുകാര്‍ക്കായതുകൊണ്ടാണ് ഇജാസിന്‍േറതാണെന്ന് സംശയിക്കുന്നത്.

മുംബൈയില്‍നിന്ന് എന്ന് പറഞ്ഞാണ് മുര്‍ഷിദ് ഫോണ്‍ വിളിച്ചതെന്ന് പിതാവ് മഹ്മൂദ് പറഞ്ഞു. ജൂണ്‍ മൂന്നിന് വിളിച്ചപ്പോള്‍ 14ന് നാട്ടില്‍ എത്തുമെന്ന് പറഞ്ഞു. സാജിദ് ഷാര്‍ജയില്‍നിന്ന് ജൂണ്‍ അഞ്ചിന് വിളിച്ച് കൂട്ടുകാര്‍ കൂടെയുണ്ടെന്ന് പറഞ്ഞു. കാണാതായവരില്‍ അബ്ദുല്‍ റാഷിദ്, അദ്ദേഹത്തിന്‍െറ ഭാര്യ, പാലക്കാട് സ്വദേശി യഹ്യ തുടങ്ങിയവര്‍ തമ്മിലുള്ള ബന്ധം പീസ് സ്കൂള്‍ മുഖേനയാണെന്ന് പറയുന്നു. കാണാതായവരെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ളവരാണ്. ഇവരുടെ കുടുംബങ്ങള്‍ ഒരുമിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തിന്‍െറ ദുരൂഹത നീക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കുടുംബാംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.