സര്‍ക്കാരിനെതിരായ പരസ്യ പ്രതിഷേധത്തിൽ നിന്ന് എസ്.എൻ.ഡി.പി പിൻമാറി

തിരുവനന്തപുരം: മൈക്രോഫാനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണം വേണ്ടന്ന് എസ്.എന്‍.ഡി.പി തീരുമാനം. ഇന്ന് ചേര്‍ന്ന വിശാല എസ്.എന്‍.ഡി.പി യോഗത്തിലാണ് തീരുമാനമുണ്ടായത്. പരസ്യ പ്രതിഷേധങ്ങള്‍ വേണ്ടെന്ന് ശാഖകള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനെ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.

പിണറായി വിജയനെ കാണാൻ തീരുമാനിച്ച സാഹചര്യത്തിൽ പരസ്യമായി സർക്കാരിനെതിരെ നിലപാട് എടുക്കുന്നത് ശരിയല്ല. അതിനാലാണ് യോഗത്തിന്‍റെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറുന്നത്. മൈക്രോ ഫൈനാൻസ് തട്ടിപ്പ് കേസിനെ എസ്.എൻ.ഡി.പി ഭയപ്പെടുന്നില്ല. മൈക്രോ ഫൈനാൻസിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് തനിക്ക് പറയനാവും. വി.എസ്.അച്യുതാനന്ദനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എസ്.എൻ.ഡി.പിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ടവരോ പുറത്തുള്ളവരോ വി.എസിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടറും അംഗീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.