കൊച്ചി: പി.സി. ജോര്‍ജ്, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ജോസഫാണ് ജോര്‍ജിനെതിരെ ഹരജി നല്‍കിയത്. പത്രിക സ്വീകരിക്കുന്നതിലുള്‍പ്പെടെയുള്ള നടപടിക്രമത്തില്‍ വരണാധികാരി വരുത്തിയ വീഴ്ചകളാണ് ബിജിമോളുടെ വിജയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പീരുമേട് മണ്ഡലത്തിലെ വോട്ടര്‍മാരായ വണ്ടിപ്പെരിയാര്‍ സ്വദേശി ഫൈസല്‍, മുറിഞ്ഞപുഴ സ്വദേശി ബെന്നി എന്നിവരുടെ ഹരജി.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ സ്വന്തം പേരിലുള്ള കെട്ടിടത്തിന്‍െറ വിവരങ്ങളും ഭാര്യയുടെ സ്വത്തു വിവരങ്ങളും പി.സി. ജോര്‍ജ് സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ളെന്ന് തെരഞ്ഞെടുപ്പ് ഹരജിയില്‍ പറയുന്നു. പൂഞ്ഞാറിലെ ഒരു പള്ളിപ്പെരുന്നാളിന്‍െറ നോട്ടീസില്‍ തന്‍െറ ചിത്രം വെട്ടിയൊട്ടിച്ച് വിതരണം ചെയ്തതിലൂടെ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമായ പ്രവര്‍ത്തനമുണ്ടായ സാഹചര്യത്തില്‍ ജോര്‍ജിന്‍െറ അംഗത്വം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
പീരുമേട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദിന്‍െറ പത്രിക വരണാധികാരി അനധികൃതമായി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ബിജിമോള്‍ക്കെതിരായ ഹരജി. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിച്ചില്ളെന്ന് ആരോപിച്ചാണ് പത്രിക തള്ളിയത്. തെറ്റു തിരുത്താന്‍ അവസരം നല്‍കിയില്ല. പത്രിക തള്ളിയതോടെ അബ്ദുല്‍ മജീദ് ബിജിമോള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് ആറായിരം വോട്ടുകളുണ്ടെന്നാണ് പറയപ്പെടുന്നത്. മജീദ് മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ യു.ഡി.എഫിലെ സിറിയക് തോമസ് വിജയിക്കുമായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. പീരുമേട്ടില്‍നിന്ന് 314 വോട്ടുകള്‍ക്കാണ് ബിജിമോള്‍ വിജയിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളില്‍നിന്ന് ഒപ്പിട്ടു വാങ്ങുന്ന ഫോം 17 സി നിയമാനുസൃതമല്ല റിട്ടേണിങ് ഓഫിസര്‍ സ്വീകരിച്ചതെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെ 13 തെരഞ്ഞെടുപ്പ് ഹരജികളാണ് ഹൈകോടതിയുടെ പരിഗണനയിലത്തെിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.