അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

തലശ്ശേരി: അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തമിഴ്നാട് സേലം സ്വദേശി സെല്‍വരാജിനെ (28) ഏഴു വര്‍ഷവും ഒരു മാസവും കഠിനതടവിന് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചു. 30,500 രൂപ പിഴയടക്കണം. ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ച കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ശിക്ഷ പറയുന്നത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ കിടന്ന കാലാവധി കഴിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ളെങ്കില്‍ ഒമ്പതു മാസവും 15 ദിവസവുംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ അതില്‍നിന്ന് 20,000 രൂപ അധ്യാപികക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

2011 സെപ്റ്റംബര്‍ 20ന് കുയ്യാലി റെയില്‍വേ ട്രാക്കിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം.  അധ്യാപികയെ റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി കുറ്റിക്കാട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പീഡനശ്രമത്തിനിടയില്‍ അധ്യാപികയുടെ കൈക്ക് പരിക്കേറ്റിരുന്നു.  സെല്‍വരാജിനെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സനല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. അധ്യാപികയുടെ സാരിയില്‍ നിന്ന് കണ്ടത്തെിയ മുടി പ്രതിയുടേതാണെന്ന് വിദഗ്ധ പരിശോധനയിലൂടെ കണ്ടത്തെിയത് കേസിലെ പ്രധാന തെളിവായി. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.ജെ. ജോണ്‍സന്‍ ഹാജരായി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.