??????????? ???????? ??????, ????.??. ??????, ???????????, ?????? ?????????

യുവാവിനെ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (കോടതി -രണ്ട്) മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.  കൂടുതല്‍ തെളിവ് ലഭിക്കുന്നതോടെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്ന് സി.ഐ സിദ്ദീഖ് പറഞ്ഞു. പിടികിട്ടാനുള്ള പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് നസീര്‍ ഹുസൈന്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹമ്മദ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപവാസികളെ ചോദ്യം ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന വീടിന്‍െറ ഉടമയുടെ ബന്ധുക്കളടക്കം ഒട്ടേറെപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.


സി.പി.എമ്മിന്‍േറത് വിലകുറഞ്ഞ രാഷ്ട്രീയ നാടകം –മുസ്ലിം ലീഗ്
മലപ്പുറം: മങ്കട കൂട്ടില്‍ സ്വദേശി നസീര്‍ ഹുസൈന്‍ കൊല്ലപ്പെട്ട സംഭവം മുസ്ലിംലീഗിന്‍െറ തലയില്‍ കെട്ടിവെക്കാനുള്ള സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍െറ ശ്രമം രാഷ്ട്രീയ മുതലെടുപ്പിനുള്ള വിലകുറഞ്ഞ തന്ത്രവും അസംബന്ധവുമാണെന്ന് മുസ്ലിംലീഗ് ജില്ലാകമ്മിറ്റി. കേസ് അന്വേഷിക്കുന്ന പൊലീസോ സംഭവം റിപ്പോര്‍ട്ട് ചെയ്ത സി.പി.എം നിയന്ത്രണത്തിലല്ലാത്ത മാധ്യമങ്ങളോ ഈ രീതിയില്‍ അഭിപ്രായപ്പെട്ടിട്ടില്ല.

കൊല്ലപ്പെട്ട വ്യക്തി സി.പി.എം പ്രവര്‍ത്തകനും പ്രതികളില്‍ ചിലര്‍ മുസ്ലിംലീഗ് അനുഭാവികളുമായതുമാണ് കൊലപാതകം മുസ്ലിംലീഗ് ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തിന് പിന്നിലുള്ളത്. രാഷ്ട്രീയ സംഘര്‍ഷത്തിനിടയിലോ പ്രകടനമോ പൊതുയോഗമോ നടക്കുന്നതിനിടയിലോ അല്ല ഇദ്ദേഹം ആക്രമണത്തിനിരയായത്. തന്‍െറ വീട്ടില്‍ നിന്നും അരക്കിലോമീറ്ററിലധികം ദൂരെ ഒരു സ്ത്രീ ഒറ്റക്കുതാമസിക്കുന്ന വീട്ടില്‍വെച്ചാണ് അര്‍ധരാത്രി ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇത്തരം സാഹചര്യത്തില്‍ ആരും ആരുടെയും നിയന്ത്രണത്തിലോ നേതൃത്വത്തിലോ അല്ല പെരുമാറുകയെന്നുള്ളത് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ആള്‍ക്കൂട്ടത്തില്‍ പിടിക്കപ്പെടുന്ന പോക്കറ്റടിക്കാരനെയും രാത്രിയില്‍ മോഷണശ്രമത്തിനിടെ പിടികൂടുന്ന കള്ളനെയും ഓടിക്കൂടുന്നവര്‍ കൈകാര്യം ചെയ്യുന്നത് പിടിക്കപ്പെട്ടവരുടെ രാഷ്ട്രീയനിറം നോക്കിയല്ല. ഇതിന് സമാനമാണ് കൂട്ടില്‍ സംഭവവും.

നിയമം കൈയിലെടുക്കുന്നതും അക്രമങ്ങള്‍ നടത്തുന്നതും ആരായാലും മുസ്ലിംലീഗ് അനുകൂലിക്കില്ല. ഈ സംഭവത്തെ മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ നടത്തിയ ആസൂത്രിത കൊലയായി ചിത്രീകരിച്ച് ജനങ്ങളുടെ മുന്നില്‍ സി.പി.എം നേതൃത്വം പരിഹാസ്യരാവുകയാണ്. ഇത്തരം സംഭവങ്ങളില്‍ മുസ്ലിംലീഗ് അനുഭാവികള്‍ പിടിക്കപ്പെട്ടാലും ലീഗിന്‍െറ ഈ നിലപാടില്‍ മാറ്റമുണ്ടാകില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടപ്പാക്കിവരുന്ന താലിബാനിസ മാതൃകകളുടെ ഓര്‍മവെച്ചായിരിക്കാം സി.പി.എം മുസ്ലിംലീഗിന്‍െറ മേല്‍ താലിബാനിസം ആരോപിക്കുന്നതെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണം –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: മങ്കട കൂട്ടിലില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഏത് കാരണത്തിന്‍െറ പേരിലായാലും ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതും ആള്‍ക്കൂട്ടം അതിക്രമങ്ങള്‍ സൃഷ്ടിക്കുന്നതും അനുവദിക്കാന്‍ പാടില്ല. പരാതികളുള്ളവര്‍ നിയമപരമായ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനുപകരം സ്വന്തമായി ശിക്ഷ വിധിക്കുന്നതും നടപ്പാക്കുന്നതും വകവെച്ചുകൊടുക്കാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഓരോരുത്തരുടെയും ബോധങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ മേല്‍ കൈയേറ്റംനടത്തുന്നത് നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കലാണ്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.