കുത്തിവെപ്പിനെതിരായ പ്രചാരണം അടിസ്ഥാനമില്ലാത്തത് –എത്തിക്കല്‍ മെഡിക്കല്‍ ഫോറം

കോഴിക്കോട്: ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ വാക്സിന്‍ വിരുദ്ധര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ മതസംഘടനകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ ആരോഗ്യവിഭാഗം സംഘടനയായ എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാക്സിനേഷനെതിരെയുള്ള പ്രചാരണങ്ങള്‍ക്കെതിരെ നിലപാട് എടുത്തില്ളെങ്കില്‍ വ്യാപകമായ ഒരു ദുരന്തത്തിന് മലബാര്‍ മേഖല, പ്രത്യേകിച്ച് മലപ്പുറം ജില്ല സാക്ഷ്യംവഹിക്കും. മലപ്പുറത്ത് ഡിഫ്തീരിയ കുത്തിവെപ്പിനെതിരെ നടക്കുന്ന കാമ്പയിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ശാസ്ത്രീയ അടിത്തറയില്ലാതെ വാക്സിന്‍ വിരുദ്ധര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളില്‍ മതസംഘടനകളും മാധ്യമങ്ങളും അകപ്പെട്ടുപോവുകയാണ്. വ്യക്തതയില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ക്ക് സമൂഹമധ്യത്തില്‍ അംഗീകാരം ലഭിക്കുംവിധം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയാണ്. വാക്സിന്‍ വിരുദ്ധ ഗ്രൂപ്പുകള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല. ആധുനിക വൈദ്യശാസ്ത്രവും കുത്തിവെപ്പും തെറ്റാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഡിഫ്തീരിയ പോലുള്ള കേസുകള്‍ ഏറ്റെടുത്ത് ചികിത്സിക്കാന്‍ തയാറാകണം. മെച്ചപ്പെട്ട ഒരു ബദല്‍ സമര്‍പ്പിക്കാതെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ഇവര്‍ കൈക്കൊള്ളുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.

തങ്ങള്‍ക്ക് എല്ലാ ചികിത്സാ വിഭാഗങ്ങളും ഒരുപോലെയാണെന്ന നിലപാടില്‍നിന്ന് മാറി വാക്സിന്‍ വിഷയത്തില്‍ മതസംഘടനകള്‍ ഒരുപക്ഷം ചേര്‍ന്നേ മതിയാകൂ. എന്നാല്‍, കുത്തിവെപ്പിനത്തെുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ തടസ്സം നേരിടുന്നത് പ്രാദേശിക മതനേതൃത്വങ്ങളില്‍ നിന്നാണ്. മതപരമായ ആവരണത്തിനുള്ളില്‍ പ്രചരിപ്പിക്കുന്ന ഇത്തരം നുണകളെ തകര്‍ക്കാന്‍ മതനേതാക്കള്‍ കൂട്ടായി മുന്നോട്ടുവരണം. ഹജ്ജ് കര്‍മത്തിന് നിര്‍ബന്ധമായി ഏര്‍പ്പെടുത്തിയ മെനിന്‍ജൈറ്റിസ്, പോളിയോ വാക്സിനുകള്‍, മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും സ്കൂള്‍ പ്രവേശത്തിന് നിര്‍ബന്ധമായ വാക്സിന്‍ കാര്‍ഡുകള്‍ തുടങ്ങി അറബ് രാജ്യങ്ങള്‍ വാക്സിനേഷനെ പൂര്‍ണമായി സ്വീകരിക്കുമ്പോഴാണ് ഈ വൈരുധ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ മാസത്തിലൊരിക്കല്‍ കുത്ത്ബയില്‍ വാക്സിനേഷന്‍െറ പ്രധാന്യത്തെക്കുറിച്ച് പറയാറുണ്ട്. കുത്തിവെപ്പിന്‍െറ പ്രാധാന്യം ജനങ്ങളെ അറിയിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുമെന്നും എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഇസ്മയില്‍, സെക്രട്ടറി ഡോ. ഡി. അബ്ദുറഹ്മാന്‍, ഡോ. കാസിം റിസ്വി, ഡോ. എം.ഡി. അബൂബക്കര്‍, ഡോ. ഫവാസ്, ഫാര്‍മസിസ്റ്റ് ഹംസത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.