അധിക അധ്യാപകരെ ആറുതരം ഒഴിവുകളില്‍ പുനര്‍വിന്യസിക്കും

തിരുവനന്തപുരം: അധ്യാപക പാക്കേജ് ഉത്തരവ് പ്രകാരമുള്ള തസ്തിക നിര്‍ണയം നടത്തുമ്പോള്‍ സര്‍ക്കാര്‍ സര്‍വിസില്‍ അധികം വരുന്ന അധ്യാപകരെ ആറുതരം ഒഴിവുകളില്‍ നിയമിക്കും. പ്രധാന അധ്യാപകരെ ക്ളാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവ്, അധിക ഡിവിഷന്‍ തസ്തികകള്‍, ഭാവിയില്‍ ഉണ്ടാകുന്ന അവധി ഒഴിവുകള്‍ ഉള്‍പ്പെടെ ഒഴിവുകള്‍, എസ്.എസ്.എ പദ്ധതിയിലും ആര്‍.എം.എസ്.എ സ്കൂളുകളിലും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് പദ്ധതി കോഓഡിനേറ്റര്‍ എന്നീ ഒഴിവുകളിലാണ് തസ്തിക നിര്‍ണയം നടത്തുമ്പോള്‍ അധികം വരുന്ന അധ്യാപകരെ നിയമിക്കേണ്ടത്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള സംരക്ഷിത അധ്യാപകരെ രണ്ടോ മൂന്നോ സ്കൂളുകള്‍ അടങ്ങുന്ന ക്ളസ്റ്ററില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായി നിയമിക്കണം. ക്ളസ്റ്ററില്‍ എയ്ഡഡ് സ്കൂളുകളെയും ഉള്‍പ്പെടുത്താം.

എയ്ഡഡ് സംരക്ഷിത അധ്യാപകരെ ഹെഡ് ടീച്ചറെ ക്ളാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഒഴിവില്‍ നിയമിക്കാം. ഇതിനു പുറമെ ബന്ധപ്പെട്ട മാനേജ്മെന്‍റുകളുടെ കീഴിലുള്ള എല്ലാത്തരം ഒഴിവുകളിലും ഇവരെ നിയമിക്കാം. ഇതര മാനേജ്മെന്‍റുകളുടെ കീഴില്‍ ഭാവിയില്‍ വരുന്ന ഒഴിവുകളിലേക്ക് 1:1 എന്ന അനുപാതത്തില്‍ സംരക്ഷിത അധ്യാപകന്‍, പുതുതായി നിയമിതനാകുന്ന അധ്യാപകന്‍ എന്നനിലയില്‍ നിയമനം നടത്തേണ്ടതാണ്. ഓരോ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പായി സ്കൂളുകളില്‍ നിലനില്‍ക്കുന്ന അധ്യാപകരുടെ പട്ടിക ഹെഡ്മാസ്റ്റര്‍മാര്‍/ മാനേജര്‍മാര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അനുവദിച്ച തസ്തികകള്‍ക്കനുസരിച്ചുള്ള അധ്യാപകര്‍ മാത്രമേയുള്ളൂവെന്ന് ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണം. സ്പെഷലിസ്റ്റ് അധ്യാപക നിയമനം പി.എസ്.സി മുഖേന നടത്തണമെന്ന പഴയ ഉത്തരവിലെ വ്യവസ്ഥ പുതിയ ഉത്തരവിലൂടെ പിന്‍വലിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.