കരിപ്പൂര്‍: വലിയവിമാനങ്ങള്‍ റണ്‍വേ വികസിപ്പിച്ചാല്‍ മാത്രം –വ്യോമയാന മന്ത്രി

കോഴിക്കോട്: റണ്‍വേവികസനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കരിപ്പൂരില്‍ വലിയവിമാനങ്ങള്‍ക്ക് അനുമതി ലഭിക്കൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റിയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്ന് ഒരുക്കിയ മുഖാമുഖത്തിലും വാര്‍ത്താസമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. 2860 മീറ്ററുള്ള റണ്‍വേ 3627 മീറ്ററായി വര്‍ധിപ്പിക്കണമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് 400 ഏക്കറിലേറെ അധികംഭൂമി ഏറ്റെടുക്കണം.

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം. വ്യോമയാന വികസനച്ചുമതല കേന്ദ്രസര്‍ക്കാറിനും സ്ഥലമെടുപ്പ് ചുമതല സംസ്ഥാനസര്‍ക്കാറിനുമാണ്. സമയപരിധിവെച്ച് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേരളത്തിലെ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ പുനരധിവാസം പൂര്‍ത്തിയാക്കണം എന്നാണ് മറുപടി. 10 വര്‍ഷം മുമ്പ് ഹജ്ജ് സര്‍വിസിന് മാത്രം നല്‍കിയ ഇളവാണ് പിന്നീട് സ്ഥിരമാക്കിയത്. റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. പല രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകള്‍ പ്രകാരമുള്ള പല വിമാനങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. വലിയവിമാനങ്ങളുടെ പരിധിയില്‍ വരാത്ത 321 വിമാനം നിര്‍ത്തലാക്കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനിരുന്ന റണ്‍വേ നവീകരണം 15 മാസം കൊണ്ട് പൂര്‍ത്തിയാകുമെന്ന് വിമാനത്താവളം  ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ പറഞ്ഞു. കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശ്യാംസുന്ദര്‍, അഡ്വ. പി.എം. സുരേഷ് ബാബു, ആര്‍. ഹരിഹര്‍, ബി.ജെ.പി മലബാര്‍ മേഖലാ പ്രസിഡന്‍റ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രന്‍, ടി.വി. ബാലന്‍, പി. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. സി. മോഹന്‍ സ്വാഗതവും വി. നൗഷാദ് നന്ദിയും പറഞ്ഞു.
സ്ഥലമെടുപ്പിന് നേതാക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് രാഘവന്‍; മാന്യമായ നഷ്ടപരിഹാരം വേണമെന്ന് വഹാബ്
കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കിയ മുഖാമുഖത്തില്‍ യു.ഡി.എഫ് എം.പിമാര്‍ തമ്മില്‍ വാക്യുദ്ധം. എം.കെ. രാഘവനും പി.വി. അബ്ദുല്‍ വഹാബുമാണ് വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. മലപ്പുറത്തെ രാഷ്ട്രീയനേതാക്കള്‍ വിചാരിച്ചാല്‍  സ്ഥലമെടുപ്പ് നടക്കുമെന്നായിരുന്നു എം.കെ. രാഘവന്‍െറ അഭിപ്രായം. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 45 മീറ്ററില്‍ ദേശീയപാത വികസനം നടപടിയായി. എന്നാല്‍, മലബാറില്‍ രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മാത്രമാണ് 45 മീറ്റര്‍ വീതിയുള്ളത്. മൂന്നുതവണയാണ് സ്ഥലമെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി യോഗംവിളിച്ചത്.

എന്നാല്‍, നടപടികള്‍ ഒന്നുമായില്ല. എന്നാല്‍, മലപ്പുറത്തിന്‍െറ ചെലവില്‍ കോഴിക്കോട്ടുകാരാണ് സൗകര്യങ്ങള്‍ അനുഭവിക്കുന്നതെന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി പ്രതികരിച്ചു. സ്ഥലമെടുക്കുമ്പോള്‍  ജനങ്ങളുടെ വികാരംകൂടി പരിഗണിക്കണം. മൂന്നുതവണ  സ്ഥലം വിട്ടുനല്‍കിയവരാണ് മലപ്പുറത്തുകാര്‍. എന്നാല്‍, ആദ്യത്തെ സ്ഥലമെടുപ്പിന്‍െറ നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ല. സ്ഥലമെടുപ്പിന് മലപ്പുറത്തെ ഒരു നേതാവും എതിരല്ല. ഉടമകള്‍ക്ക് സ്വന്തംനിലക്ക് അധിക നഷ്ടപരിഹാരം ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതാണെന്നും വഹാബ് എം.പി ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.