എന്‍ഡോസള്‍ഫാന്‍ സമരം: ചര്‍ച്ച പരാജയപ്പെട്ടു; ഫെബ്രുവരി മൂന്നിന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഫെബ്രുവരി മൂന്നിന് വീണ്ടും ചര്‍ച്ച നടക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്‍, വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ളിഫ് ഹൗസിലായിരുന്നു ചര്‍ച്ച.
മുഖ്യമന്ത്രിയുടെയും മന്ത്രി കെ.പി. മോഹനന്‍െറയും നിരുത്തരവാദ നിലപാടിനത്തെുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് വി.എസ് കുറ്റപ്പെടുത്തി. ചര്‍ച്ചക്കുള്ള പ്രാഥമിക ഒരുക്കംപോലും നടത്താതെയാണ് മുഖ്യമന്ത്രിയും മറ്റും ചര്‍ച്ചക്കത്തെിയത്. സഹായം നല്‍കാനുള്ളവരുടെ പേരുപോലും ഉദ്യോഗസ്ഥരുടെ പക്കല്‍ ഇല്ലായിരുന്നു. 2010ല്‍ മനുഷ്യാവകാശ കമീഷന്‍ തയാറാക്കിയ പട്ടികയില്‍ 5887 പേര്‍ ഉണ്ടെങ്കിലും 5227 പേരുടെ തെറ്റായ കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പട്ടികയില്‍ ഉള്ളവരില്‍ത്തന്നെ മൂവായിരത്തോളം പേര്‍ക്ക് കമീഷന്‍ നിര്‍ദേശിച്ച സഹായങ്ങള്‍ കൊടുത്തിട്ടുമില്ല. ഇക്കാര്യത്തില്‍ കൃത്യമായ പരിഹാരം ഉണ്ടാകാത്തതിനത്തെുടര്‍ന്നാണ് ചര്‍ച്ച അലസിയതെന്ന് വി.എസ് പറഞ്ഞു.
മൂന്നിന് നടക്കുന്ന ചര്‍ച്ചയില്‍ കാസര്‍കോട് ജില്ലയില്‍നിന്നുള്ള അഞ്ച് എം.എല്‍.എമാരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, 2018 പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ നല്‍കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം നാലാം ദിവസമായ വെള്ളിയാഴ്ചയും തുടര്‍ന്നു. വ്യാഴാഴ്ച സമരപ്പന്തലിലത്തെിയ വി.എസിന്‍െറ ഇടപെടലിനത്തെുടര്‍ന്നായിരുന്നു വെള്ളിയാഴ്ചത്തെ ചര്‍ച്ച. ദേശീയ മനുഷ്യാവകാശ കമീഷന്‍ 2010 ഡിസംബറില്‍ ശിപാര്‍ശ ചെയ്ത അടിയന്തര സഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ബാങ്ക് ജപ്തിയില്‍നിന്ന് രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍നിന്ന് കുട്ടികള്‍ അടക്കമുള്ള 108 ദുരിതബാധിതരാണ് സമരത്തിലുള്ളത്. സമരസമിതി പ്രതിനിധികളായ അംബികാസുതന്‍ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരായ മുനീബ, നളിനി, ജമീല തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.