ലിറ്ററേച്ചര്‍ ഫെസ്റ്റിനെച്ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദമെന്ന് സംഘാടകര്‍

കോഴിക്കോട്: ഇസ്ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ പ്രത്യേകം ചര്‍ച്ചചെയ്യുന്ന ഒരു പരിപാടിയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ളെന്ന് സംഘാടകര്‍. സംസ്ഥാന സര്‍ക്കാറിന്‍െറ സാംസ്കാരിക വകുപ്പിന്‍െറയും കോഴിക്കോട് കോര്‍പറേഷന്‍െറയും സഹകരണത്തോടെ ഡി.സി. ബുക്സ് ഫെബ്രുവരി നാലുമുതല്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലെ ചില സെഷനുകളെ കുറിച്ച് ഒരുവിഭാഗം മുസ്ലിം സംഘടനകള്‍ മുസ്ലിംവിരുദ്ധ നീക്കമായി റിപ്പോര്‍ട്ട് ചെയ്തതിലുള്ള പ്രതികരണമായാണ് സംഘാടകര്‍ ഇങ്ങനെ പ്രതികരിച്ചത്. പരിപാടിയുടെ പൂര്‍ണമാവാത്ത ബ്രോഷറിന്‍െറ ഭാഗങ്ങള്‍ വെച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് വിവാദത്തിന് വഴിവെച്ചത്.

ഒൗദ്യോഗിക വിശദീകരണം ചോദിക്കാതെ ചില മാധ്യമങ്ങള്‍ വാര്‍ത്തയും എഡിറ്റോറിയലും എഴുതുകയുമാണുണ്ടായതെന്നും പരിപാടിയുടെ ചീഫ് കോഓഡിനേറ്റര്‍ രവി ഡി.സിയും ജന. കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹക്കീമും മാധ്യമത്തോട് പറഞ്ഞു. പൂര്‍ണമായി മനസ്സിലാക്കുന്നതിനുമുമ്പ് നടത്തുന്ന ഇത്തരം പ്രതിലോമ ഇടപെടലുകള്‍ മതത്തിനും മതപ്രസ്ഥാനങ്ങള്‍ക്കും ദോഷകരമാണെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കുമുന്നില്‍ സ്വയം ചെറുതാകലാണെന്നും ഇരുവരും പറഞ്ഞു.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രശസ്തരായ 160ലേറെ എഴുത്തുകാരാണ് വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നത്. ഫാഷിസത്തിനെതിരെ പൊരുതുന്ന എഴുത്തുകാരായ സച്ചിദാനന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, സക്കറിയ, പ്രതിഭാ റായി, ഗീത ഹരിഹരന്‍, അശോക് വാജ്പേയി, ജയശ്രീ മിശ്ര, അനിത നായര്‍, ലീന മണിമേഖല, മീന കന്തസ്വാമി, ഗിരീഷ് കാസറവള്ളി, ടി.എം. കൃഷ്ണ, ശത്രുഘ്നന്‍ സിന്‍ഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, എം. മുകുന്ദന്‍, ടി. പത്മനാഭന്‍, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ നാലുദിവസം നീളുന്ന വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നു. മതവും ആത്മീയതയും സാഹിത്യവും എന്ന സെഷനില്‍ പങ്കെടുക്കുന്നവരെച്ചൊല്ലിയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നത്.

അതും അന്തിമ പട്ടികയാവുന്നതിനു മുമ്പ്. ഈ സെഷനില്‍ എഴുത്തുകാരായ വി.കെ. ശ്രീരാമന്‍, സിസ്റ്റര്‍ ജസ്മി, സ്വാമി സന്ദീപാനന്ദഗിരി, ടി.പി. ചെറൂപ്പ, പി.കെ. പാറക്കടവ്, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരാണ് പങ്കെടുക്കുന്നത്. ‘മതം സംസ്കാരം പ്രതിരോധം’ എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഹമീദ് ചേന്ദമംഗലൂര്‍, കെ. വേണു, കെ.പി. രാമനുണ്ണി, ഒ. രാജീവന്‍, സിസ്റ്റര്‍ ജസ്മി എന്നിവരും സംബന്ധിക്കുന്നു.

മലയാളത്തിന്‍െറ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എം.എന്‍. കാരശ്ശേരി, എം.എം. ബഷീര്‍, പി.എം. പവിത്രന്‍, കെ.പി. രാമനുണ്ണി, സി.ആര്‍. പ്രസാദ് എന്നിവരുമാണ് പങ്കെടുക്കുക. പരിപാടിയുടെ അന്തിമലിസ്റ്റ് ശനിയാഴ്ച പുറത്തിറങ്ങുന്നതോടെ എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടുമെന്നും ഇരുവരും പറഞ്ഞു.

മതം, ആത്മീയത, സാഹിത്യം എന്ന സെഷനില്‍ പങ്കെടുക്കുന്നവരെച്ചൊല്ലിയാണ് ഒരുവിഭാഗം മത-സാമുദായിക സംഘടനകളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നത്. പൂര്‍ണമാവാത്ത പരിപാടിയുടെ ബ്രോഷറില്‍ ഒൗദ്യോഗിക വിശദീകരണം തേടാതെ അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് സംഘാടകരുടെ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.