എ.ഡി.ജി.പി ശ്രീലേഖക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

തൃശൂര്‍: ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തി സര്‍ക്കാറിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സ്കൂള്‍ വാഹനങ്ങള്‍ എന്ന വ്യാജേന സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്ന് കാണിച്ച് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍െറ ഉത്തരവ്. മൂന്നാം എതിര്‍കക്ഷിയാണ് എ.ഡി.ജി.പി ശ്രീലേഖ. ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ ജോയ് ആന്‍റണി, ചാലക്കുടി നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ സജീവ് വട്ടോലി എന്നിവര്‍ ഒന്നും രണ്ടും ചാലക്കുടി ജോ. ആര്‍.ടി.ഒ റെജി വര്‍ഗീസ് നാലും എതിര്‍കക്ഷികളാണ്.
സ്വകാര്യ ബസുകള്‍ക്ക് 1.47 ലക്ഷം രൂപയാണ് നികുതി. സ്കൂള്‍ ബസുകള്‍ക്ക് 3,920 രൂപ മതി. സ്കൂള്‍ ബസ് എന്ന വ്യാജേന സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാക്കി എന്നാണ് പരാതി. ചാലക്കുടി നിര്‍മല കോളജിന്‍െറ പേരിലോടുന്ന ബസ് ചാലക്കുടിയില്‍ 15 ബസുള്ള ജോയ് ആന്‍റണിയുടേതാണെന്ന് പരാതിയില്‍ പറയുന്നു.ഇതിന്‍െറ രേഖകളും ഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകള്‍ സ്കൂള്‍ ബസുകളുടെ പേരില്‍ സര്‍വിസ് നടത്തി നികുതി വെട്ടിക്കുന്നുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുള്ളതിനാല്‍ ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്ന ശിപാര്‍ശ പരിഗണിച്ചാണ് കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
ചാലക്കുടി നിര്‍മല കോളജിന്‍െറ പേരില്‍ സ്വകാര്യ വ്യക്തിയുടെ ബസിന് പെര്‍മിറ്റ് അനുവദിക്കാനിടയായതില്‍ എ.ഡി.ജി.പി ശ്രീലേഖക്ക് പങ്കില്ളെന്നും അവരെ പ്രതി ചേര്‍ക്കരുതെന്നുമുള്ള വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസറുടെ വാദം കോടതി തള്ളി.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ പരാതികള്‍ ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അതിന് വീഴ്ച വരുത്തിയതിലൂടെ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയത് ഗൗരവകരമാണെന്നും അതിനാല്‍ കക്ഷി ചേര്‍ക്കാതിരിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് 28ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.