പാക് പൗരന്മാരുടെ സ്വത്ത് കേന്ദ്രം ഏറ്റെടുക്കുന്നു

കോട്ടയം: രാജ്യത്ത് പാകിസ്താന്‍ പൗരന്മാരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന ‘ശത്രുസ്വത്തുക്കള്‍’ (എനിമി പ്രോപ്പര്‍ട്ടി) കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നു. ഇതിന് 1968 ലെ എനിമി പ്രോപ്പര്‍ട്ടി നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
വിവിധ സംസ്ഥാനങ്ങളിലായി 17,500 ഏക്കര്‍ ഭൂമിയും ബാങ്ക് നിക്ഷേപമടക്കം 2500 കോടിയുടെ സാമ്പത്തിക ഇടപാടുകളും ഇതോടെ കേന്ദ്ര സര്‍ക്കാറിലേക്ക് എത്തിച്ചേരും. പി.എഫ് നിക്ഷേപം, ബോണ്ട്, ഡിബഞ്ചര്‍ എന്നിവയെല്ലാം ഇതില്‍പെടും. ജനുവരി ഏഴിന് ഒപ്പുവെച്ച രാഷ്ട്രപതി ഓര്‍ഡിനന്‍സ് കഴിഞ്ഞദിവസം പ്രധാനമന്ത്രി കാര്യാലയത്തിന് കൈമാറി.
വിഭജന കാലത്തും 1965ലും ’71ലും നടന്ന ഇന്ത്യ-പാക് യുദ്ധത്തത്തെുടര്‍ന്ന് ഇന്ത്യ വിട്ട് പാക് പൗരത്വം സ്വീകരിച്ചവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളാണ് കേന്ദ്ര സര്‍ക്കാറിന്‍െറ കൈകളിലത്തെുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയനില്‍ നിക്ഷിപ്തമാകും. സ്വത്തുക്കളുടെ വിനിയോഗത്തിനും വില്‍പനക്കും കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. നിലവില്‍ ശത്രുസ്വത്തുക്കള്‍ വാങ്ങിയവരെ ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ട്. ഇതിന്‍െറ ചുമതലയും കസ്റ്റോഡിയനായിരിക്കും. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പാക് പൗരന്മാരുടെ പേരില്‍ ഏക്കര്‍കണക്കിന് സ്വത്തുക്കള്‍ ഉണ്ടെന്നാണ് കണക്ക്. മലപ്പുറത്തുമാത്രം 43 സ്വത്തുവകകളുണ്ട്. കണ്ണൂരില്‍ അഞ്ചും കോഴിക്കോട്ട് ഒമ്പതും പാലക്കാട്ടും തൃശൂരും ഒന്നുവീതവും സ്വത്തുക്കള്‍ ഉണ്ടെന്നും ഓര്‍ഡിനന്‍സിന് മുന്നോടിയായി സര്‍ക്കാര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഡല്‍ഹി, യു.പി സംസ്ഥാനങ്ങളിലാണ് ഇത്തരം കൂടുതല്‍ സ്വത്തുവകകള്‍ ഉള്ളത്. ഇത് വിലയ്ക്ക് വാങ്ങിയവരും അനധികൃതമായി കൈവശം സൂക്ഷിക്കുന്നവരും ഓര്‍ഡിനന്‍സ് വരുന്നതോടെ വെട്ടിലാകും. സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതോടെ ഇത്തരക്കാര്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടാകും.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇത്തരം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് ഹൈകോടതി പരിഗണനയിലാണ്. പുതിയ ഓര്‍ഡിനന്‍സിലൂടെ ഈ കേസുകളിലും വേഗം തീര്‍പ്പാകും. രാജ്യത്താകെ ഇത്തരം 585 കേസാണുള്ളത്. ഇതില്‍ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയ പഴയ നാട്ടുരാജാക്കന്മാരുടെ കോടികളുടെ സ്വത്തുക്കളും ഉള്‍പ്പെടും.
പാക് സര്‍ക്കാര്‍ 1971ല്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വത്തുക്കള്‍  വിറ്റ് കോടികള്‍  ഖജനാവിലേക്ക് വകയിരുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.