ശമ്പള പരിഷ്കരണം: എല്‍.ഡി ക്ലര്‍ക്കിന് കുറയുക 2100 രൂപ

തിരുവനന്തപുരം: ശമ്പള കമീഷന്‍ ശിപാര്‍ശ ഭേദഗതിയോടെ നടപ്പാക്കുമ്പോള്‍ എല്‍.ഡി ക്ളര്‍ക്കിന് കുറയുക 2100 രൂപ. ലാസ്റ്റ് ഗ്രേഡിന്‍െറ സ്കെയിലില്‍ 500 രൂപയും യു.ഡി. ക്ളര്‍ക്കിന് 1300 രൂപയുടെയും കുറവാണ് അടിസ്ഥാനശമ്പളത്തില്‍ വരുക. 17,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായി കമീഷന്‍ ശിപാര്‍ശ ചെയ്തത്. ഇത് 16,500 രൂപയായാണ് കുറച്ചത്. കമീഷന്‍ ശിപാര്‍ശ ചെയ്ത 18,000 രൂപ 17,000 ആയും 19,000 രൂപ 17,500 ആയും 20,000 രൂപ 18,000 ആയും കുറച്ചു. ക്രമാനുഗതമായി എല്ലാ സ്കെയിലിലും ഇത്തരത്തില്‍ കുറവ് വരുത്തി. ഏറ്റവും ഉയര്‍ന്ന സ്കെയിലായ 97,000-1,20,000 രൂപ 93,000 -1,20,000 ആയാണ് കുറച്ചത്.

എല്‍.പി-യു.പി സ്കൂള്‍ അധ്യാപകര്‍ക്ക് 1300 രൂപയും പൊലീസ് കോണ്‍സ്റ്റബിളിന് 2200 രൂപയും സ്റ്റാഫ് നഴ്സിന് 1300 രൂപയും ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 1500 രൂപയും കുറവ്  അടിസ്ഥാനശമ്പളത്തില്‍ വരും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 2000 രൂപയാണ് കുറയുക. നിലവിലെ സമയബന്ധിത ഹയര്‍ഗ്രേഡ് 8, 15, 22 വര്‍ഷമായി തുടരുമെന്ന് ഉത്തരവില്‍ പറയുന്നു. 27 വര്‍ഷമായവര്‍ക്ക് നാലാമത്തെ ഹയര്‍ഗ്രേഡ് നല്‍കുന്നത് 19,000-43,600 സ്കെയില്‍ വരെയുള്ളവര്‍ക്കായി പരിമിതപ്പെടുത്തി. എല്‍.പി-യു.പി അധ്യാപകര്‍ക്ക് എട്ട്,15, 22 വര്‍ഷമായിരിക്കും ഗ്രേഡ്. സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്‍റ് തുടരും. 1-7-14 വരെ 80 ശതമാനം ക്ഷാമബത്തയാകും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുക. ഇതിന് ശേഷമുള്ള ഒമ്പത് ശതമാനം ക്ഷാമബത്തയും പുതിയ ശമ്പളത്തിനൊപ്പം നല്‍കും.

വീട്ടുവാടകബത്ത പ്രധാന നഗരങ്ങളില്‍ (ബി.രണ്ട് ക്ളാസും അതിന് മുകളിലും -തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍) 1500 രൂപ മുതല്‍ 3000 രൂപ വരെയും മറ്റ് നഗരങ്ങളില്‍ 1250 രൂപ മുതല്‍ 2000 രൂപ വരെയും മറ്റ് സ്ഥലങ്ങളില്‍ 1000 രൂപ മുതല്‍ 1750 രൂപ വരെയുമായി വര്‍ധിപ്പിക്കും. സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് 350 രൂപ മുതല്‍ 500 രൂപ വരെയായിരിക്കും. ഹില്‍ട്രാക്ക് അലവന്‍സ് 300 രൂപ മുതല്‍ 500 രൂപ വരെയാണ്. വ്യത്യസ്ത ശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാര്‍ക്കുള്ള അലവന്‍സ് 800 രൂപയായി ഉയര്‍ത്തി. ജീവനക്കാരുടെ കെട്ടിട നിര്‍മാണ അലവന്‍സ് 20 ലക്ഷമായി ഉയര്‍ത്തി. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് 90 ദിവസത്തെ പ്രത്യേക അവധി അനുവദിക്കും. ഇതിന്‍െറ വിശദാംശം പിന്നീട് പുറത്തിറക്കും. 1-7-14 മുതല്‍ പ്രാബല്യമുള്ള പരിഷ്കരണം ഫെബ്രുവരി മുതലുള്ള ശമ്പളത്തില്‍ ലഭിക്കും. കുടിശ്ശിക 25 ശതമാനം വീതം നാല് തവണയായി നല്‍കും. 1-4-17, 1-10-17, 1-4-18, 1-10-18 എന്നീ ദിവസങ്ങളിലാണ് 25 ശതമാനം വീതം നല്‍കുക. പി.എഫ് നിരക്ക് പ്രകാരമാണ് ഇതിന് പലിശ നല്‍കുക. ആദ്യഘട്ടത്തില്‍ വാങ്ങുന്ന തുകക്ക് പിന്നീട് പലിശയില്ല. പുതുക്കിയ ശമ്പള സ്കെയില്‍ പ്രകാരമുള്ള പെന്‍ഷന്‍ വിഹിതം 1-7-14 മുതല്‍ ഈടാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.