ചന്ദ്രബോസ് വധം: പിഴവുകള്‍, വിവാദങ്ങള്‍

തൃശൂർ: ചന്ദ്രബോസ് വധക്കേസിന്‍െറ നാള്‍വഴികള്‍ വിവാദങ്ങളുടേതുകൂടിയാണ്. തെളിവുശേഖരണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായി. സംഭവസമയം ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാതിരുന്നതും 19 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍െറ മൊഴി രേഖപ്പെടുത്താതിരുന്നതുമാണ് പ്രധാന വിവാദങ്ങള്‍. വസ്ത്രങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്.

നിസാമുമായി സിറ്റി പൊലീസ് കമീഷണറായിരുന്ന ജേക്കബ് ജോബ് രഹസ്യ ചര്‍ച്ച നടത്തിയതായിരുന്നു മറ്റൊരു വിവാദം. നടപടി ശരിയല്ളെന്നായിരുന്നു ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജേക്കബ് ജോബ് ഇപ്പോഴും സസ്പെന്‍ഷനിലാണ്. പി.എ. മാധവന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടിയും നിസാമിനെ വിയ്യൂര്‍ ജയിലില്‍ സന്ദര്‍ശിച്ചതും വിവാദങ്ങളായി. കേസില്‍ ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെതിരെ തളിവുണ്ടെന്ന പി.സി. ജോര്‍ജിന്‍െറ ആരോപണത്തിലും ജേക്കബ് ജോബ് റിട്ട. ഡി.ജി.പി കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിലും അന്വേഷണം നടക്കുന്നു.

ഒന്നാം സാക്ഷി ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ അനൂപ് ആദ്യം പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം തിരുത്തി.കോടതിയില്‍ ഹാജരാകാന്‍ എത്തിയ നിസാമിന് ബന്ധുക്കള്‍ക്കൊപ്പം ഹോട്ടലില്‍ വിരുന്നിനും കൂടിക്കാഴ്ചക്കും അവസരമൊരുക്കിയതിന് എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.