ശബരിമലയിലെ ചടങ്ങില്‍ ആന എഴുന്നള്ളിപ്പ് എന്തിനെന്ന് ഹൈകോടതി


കൊച്ചി: ശബരിമല ക്ഷേത്രത്തിലെ വിളക്കെഴുന്നള്ളിപ്പിനും ആറാട്ടിനും ആനകള്‍ ആവശ്യമുണ്ടോയെന്ന് ഹൈകോടതി. തന്ത്രി, മേല്‍ശാന്തി എന്നിവരോട് അഭിപ്രായം തേടി ഇക്കാര്യം നാലാഴ്ചക്കകം അറിയിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നാട്ടില്‍നിന്ന് മല കയറ്റിച്ച് ആനകളെ ക്ഷേത്രത്തിലത്തെിച്ച് ചടങ്ങുകള്‍ നടത്തുന്നതില്‍ പുനര്‍ചിന്തനത്തിന് സമയമായെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു.
മണ്ഡലകാലത്തിന്‍െറ ഭാഗമായി നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന തീര്‍ഥാടകയെ കുത്തിക്കൊന്നതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായുമുള്ള സ്പെഷല്‍ കമീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇത് സംബന്ധിച്ച വിശദീകരണം തേടിയത്. അമ്പലങ്ങളിലും മറ്റ് ആരാധനാലയങ്ങളിലുമുള്‍പ്പെടെ ആള്‍ക്കൂട്ടമുള്ളിടത്ത് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പലതവണ കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം അനിവാര്യമാണ്.
വനത്തില്‍ മലമുകളിലുള്ള ശബരിമല ക്ഷേത്രം പോലുള്ള സ്ഥലങ്ങളില്‍ നാട്ടാനയെ എത്തിച്ച് ചടങ്ങ് നടത്തുന്നത് ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട സ്വഭാവം അധികൃതര്‍ വിലയിരുത്തിയാണോയെന്ന് കോടതി ആരാഞ്ഞു.
ഈ സാഹചര്യത്തിലാണ് ആനകളുടെ സാന്നിധ്യം ക്ഷേത്രത്തില്‍ അനിവാര്യമാണോയെന്ന് ക്ഷേത്രം തന്ത്രിയോടും മേല്‍ശാന്തിയോടും ഉപദേശം തേടി ഒരു മാസത്തിനകം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ശബരിമലയും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ചരിത്രമുള്‍പ്പെടെ വിലയിരുത്തി ഇക്കാര്യത്തില്‍ കൃത്യമായ ഉപദേശം നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആനകളുടെ സാന്നിധ്യം അനിവാര്യമാണെങ്കില്‍ തിരക്ക് നിയന്ത്രണ സംവിധാനങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണ്.
 പൊലീസും മറ്റ് വകുപ്പുകളും  ചേര്‍ന്ന് കാര്യക്ഷമമായ രീതിയില്‍ തിരക്ക് നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും തിരക്കില്‍പ്പെട്ട് 2011ല്‍ പുല്ലുമേട്ടില്‍ 102 തീര്‍ഥാടകര്‍ മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.