ഫാഷിസത്തിനെതിരെ ബഹുജന രാഷ്ട്രീയം അനിവാര്യം –ടീസ്റ്റ സെറ്റല്‍വാദ്

പാലക്കാട്: ഫാഷിസം ഉയര്‍ത്തുന്ന  വെല്ലുവിളികള്‍ക്ക് ബഹുജന രാഷ്ട്രീയമാണ് ബദലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. വിവേചനമില്ലാത്തതും സമഭാവന ഉറപ്പുവരുത്തുന്നതുമായ നവരാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് അവര്‍ വ്യക്തമാക്കി. ‘സംഘ് പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേപറ്റൂ’ എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് നടത്തുന്ന സംസ്ഥാനതല കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യയുടെ ചരിത്രം സംഘ്പരിവാര്‍ വളച്ചൊടിക്കുകയാണ്. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയുന്നു. ബി.ജെ.പിയാണ് രാജ്യം ഭരിക്കുന്നതെങ്കിലും യഥാര്‍ഥ ഭരണം ആര്‍.എസ്.എസിന്‍േറതാണ്.

ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബില്ലുകള്‍ പാര്‍ലിമെന്‍റില്‍ പാസാക്കുന്നില്ല. നിലവിലുള്ള പാര്‍ലമെന്‍റ് അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും കോടിപതികളും കുത്തകകളുമാണ്. മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അവര്‍ പറഞ്ഞു.
സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടത് മുഴുവന്‍ ഇന്ത്യക്കാരുടെയും കടമയാണെന്ന് കര്‍ണാടകയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ഫാഷിസ്റ്റ് വിരുദ്ധ പോരാളിയുമായ വിദ്യാ ദിനകര്‍ ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു.

സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പി. മുജീബ്റഹ്മാന്‍, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍, ഡോക്യുമെന്‍ററി സംവിധായകന്‍ കെ.പി. ശശി, ദലിത് ആക്ടിവിസ്റ്റ് എം.ബി. മനോജ്, ജി.ഐ.ഒ. സംസ്ഥാന സെക്രട്ടറി ഫസ്ന, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് കളത്തില്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതവും ജില്ലാ പ്രസിഡന്‍റ് ഉമര്‍ ആലത്തൂര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.