വെള്ളാപ്പള്ളിയെ അനുഗമിച്ചത് തെറ്റെന്ന് രാജൻ ബാബു

കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോടതിയിൽ അനുഗമിച്ചത് തെറ്റെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു. കൊച്ചിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തന്‍റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടിയുമായി ബന്ധമില്ല. മുന്നണി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും യു.ഡി.എഫിൽ തുടരുമെന്നും രാജൻ ബാബു പറഞ്ഞു. നിലവിലെ സാഹചര്യം ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയിൽ ആരംഭിച്ചു. പത്ത് സെക്രട്ടറിയേറ്റ് അംഗങ്ങളിൽ എട്ടു പേർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് രാജൻ ബാബു പക്ഷം പറഞ്ഞത്. എന്നാൽ, ആറു പേരാണ് എത്തിയിട്ടുള്ളത്. പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ.കെ ഷാജുവും മറ്റൊരു അംഗവും യോഗത്തിൽ പങ്കെടുക്കുന്നില്ല.

അതേസമയം, യു.ഡി.എഫിൽ നിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന രാജൻ ബാബു പ്രശ്നപരിഹാരത്തിന് നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ഡൽഹിയിൽ നിന്നെത്തുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുന്നണിയിൽ തുടരാൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയോട് രാജൻ ബാബു ആവശ്യപ്പെടുക.

രാജൻ ബാബുവിനോട് അനുകൂല സമീപനം പുലർത്തുന്ന യു.ഡി.എഫിലെ ഏക നേതാവാണ് ഉമ്മൻചാണ്ടി. എന്നാൽ, വെള്ളാപ്പള്ളിയെ കോടതിയിൽ അനുഗമിച്ച രാജൻ ബാബുവിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും.

വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടിയുമായി ബന്ധപ്പെടാതെ എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളുടെ മാത്രം ലീഗൽ അഡ്വൈസറായി നിലകൊള്ളാമെന്നാണ് രാജൻ ബാബു വ്യക്തമാക്കുന്നത്. എന്നാൽ, എസ്.എൻ.ഡി.പി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച സാഹചര്യത്തിൽ യാതൊരു ബന്ധവും പാടില്ലെന്ന നിലപാടിലാണ് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ ഷാജു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.