പ്രവാസികാര്യ മന്ത്രാലയം: തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻമാറണം -പിണറായി

തിരുവനനന്തപുരം: പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കേന്ദ്രത്തിന്‍റെ തെറ്റായ നടപടിയാണിതെന്നും പ്രവാസി സമൂഹത്തിന്‍റെ പ്രധാന പ്രശ്നങ്ങൾ ഇതുമൂലം അവഗണിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് എൻ.ആർ.ഐ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. ദേശീയോല്‍പാദനത്തിന്‍റെ 27 ശതമാനം വരുന്ന വിഹിതം പ്രവാസികളുടെതാണ്. ഇത് ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഗൾഫിൽ നിന്ന് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാനും അവര്‍ക്കായി ഉണ്ടാക്കുന്ന പദ്ധതികളില്‍ പങ്കാളിയാകാനും കേന്ദ്രത്തിന് ബാധ്യതയുണ്ട്. ഗള്‍ഫില്‍ ജോലിയെടുക്കുന്നവര്‍ 2011ല്‍ 49,695 കോടിയാണ് ഈ രാജ്യത്തേക്കയച്ചത്.
ഗള്‍ഫ് നിക്ഷേപം ചിതറിപ്പോകാതിരിക്കാനും മടങ്ങിവരുന്ന ഗള്‍ഫ് ജോലിക്കാരെ പുനരധിവസിപ്പിക്കാനും സമഗ്രമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. അതിനാൽ കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിൻമാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത് നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചത്.  ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരുമന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. പ്രവാസി വകുപ്പിന്‍റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും സുഷമ വ്യക്തമാക്കിയിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേന്ദ്രസര്‍ക്കാറിന്‍െറ പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കാനുള്ള തീരുമാനം പ്രവാസി സമൂഹത്തിന്റെ സുപ്രധാന പ്രശ്നങ്ങൾ അവഗണിക്കപ്പെടാനാണ് വഴിവെക്കുക.
നിലവിലുള്ള പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി മന്ത്രി സുഷമ സ്വരാജാണ് വെളിപ്പെടുത്തിയത്.
പ്രവാസി ഇന്ത്യക്കാരുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്തുന്നന്നതിനും അവരുടെ വിവിധ പ്രശ്നങ്ങളിൽ സത്വരമായി ഇടപെടുന്നതിനുമാണ് 12 വര്‍ഷം മുൻപ് പ്രത്യേക വകുപ്പ് രൂപീകരിച്ചത്.
2004 ൽ ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് വിദേശകാര്യ വകുപ്പ് വിഭജിച്ചു പ്രത്യേകം വകുപ്പുണ്ടാക്കിയത് ഇപ്പോൾ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ട് പോകുന്നത് പ്രവാസി സമൂഹത്തിന്റെ താല്പര്യങ്ങളെ ഹാനികരമായി ബാധിക്കും.
രാജ്യത്ത് എന്‍ആര്‍ഐ നിക്ഷേപം ഒരുലക്ഷം കോടി കടന്നിരിക്കുന്നു. ദേശീയോല്‍പാദനത്തിന്റെ 27 ശതമാനം വരുന്ന വിഹിതം പ്രവാസികളുടെതാണ്. ഇത് ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുക, ഗള്‍ഫ് രാജ്യങ്ങളിൽ നിന്നടക്കം ജോലി അവസാനിപ്പിച്ച് തിരികെ വരുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടുകയാണ്. ഗള്‍ഫിലേക്കുള്ള കുടിയേറ്റനിരക്ക് മറുവശത്ത് കുറയുകയും ചെയ്യുന്നു. തിരികെ വരുന്നവരെ പുനരധിവസിപ്പിക്കാനും അവര്‍ക്കായി ഉണ്ടാക്കുന്ന പദ്ധതികളില്‍ പങ്കാളിയാകാനും കേന്ദ്രത്തിന് ബാധ്യതയുണ്ട്. ഗള്‍ഫില്‍ ജോലിയെടുക്കുന്നവര്‍ 2011ല്‍ 49,695 കോടിയാണ് ഈ രാജ്യത്തേക്കയച്ചത്.
ഗള്‍ഫ് നിക്ഷേപം ചിതറിപ്പോകാതിരിക്കാനും മടങ്ങിവരുന്ന ഗള്‍ഫ് ജോലിക്കാരെ പുനരധിവസിപ്പിക്കാനും സമഗ്രമായ പദ്ധതി ആവിഷ്കരിക്കെണ്ടതുണ്ട്.
പ്രവാസികളുടെ സമ്പാദ്യമായ വിദേശനാണ്യം നമ്മുടെ രാജ്യത്തിന്റെ നിലനില്പ്പിനു തന്നെ കാരണമാകുമ്പോൾ അവര്ക്ക് വേണ്ടി ഉണ്ടായിരുന്ന പ്രത്യേക മന്ത്രാലയം പോലും ഇല്ലാതാക്കുന്നത് തെറ്റായ നടപടിയാണ്. കേന്ദ്രം ആ തീരുമാനത്തിൽ നിന്ന് പിന്മാറണം

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.