നടപടിക്രമങ്ങളില്‍ നൂലാമാലകള്‍ ഒഴിവാക്കി കെ.എസ്.ഇ.ബി

കല്‍പറ്റ: നടപടികളുടെ നൂലാമാലകള്‍ ഓര്‍ത്ത് കെ.എസ്.ഇ.ബിയുടെ വിവിധസേവനങ്ങള്‍ വേണ്ടെന്നുവെക്കുന്ന ഉപഭോക്താക്കള്‍ക്ക് നല്ലവാര്‍ത്ത. വിവിധ സേവനങ്ങള്‍ ലഭിക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി ലഘൂകരിക്കുന്നു. ഗാര്‍ഹിക ഉപഭോക്താക്കളുടെ കണക്ടഡ് ലോഡ് നിയമാനുസൃതമാക്കാനും ഉപഭോക്താവിന്‍െറ ശരിയായപേരും വിലാസവുമടക്കം ചേര്‍ക്കാനും ഇനി പഴയ പ്രയാസമില്ല. മാര്‍ച്ച് 31വരെ ഈ അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒരു വീട്ടിലോ സ്ഥാപനത്തിലോ ഉപയോഗിക്കുന്ന ആകെ വൈദ്യുതിയുടെ അളവാണ് കണക്ടഡ് ലോഡ്. കെ.എസ്.ഇ.ബിയുടെ വിവിധ ആനുകൂല്യങ്ങളടക്കം കിട്ടാനായി ഇത് നിയമാനുസൃതമാകണം. ദാരിദ്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യവൈദ്യുതി കണക്ഷനടക്കം കിട്ടാന്‍ കുറഞ്ഞ കണക്ടഡ് ലോഡ് നിര്‍ബന്ധമാണ്.

എന്നാല്‍, വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ പവര്‍പ്ളഗ്, സ്വിച് പോയന്‍റ്, ഫാന്‍ പോയന്‍റ്, ബള്‍ബ് പോയന്‍റ് തുടങ്ങിയവയില്‍ വര്‍ധനവുണ്ടാകുന്നു. ഇത് കണക്ടഡ് ലോഡ് കൂടാന്‍ കാരണമാകുന്നതോടെ ആനുകൂല്യം കിട്ടാതാകുന്നു. നിലവിലുള്ള നിയമപ്രകാരം ഉപഭോക്താവിന് തന്‍െറ വീടിന്‍െറ കണക്ടഡ് ലോഡ് മാറ്റാനായി അംഗീകൃത വയറിങ് കോണ്‍ട്രാക്ടറുടെയോ സൂപ്പര്‍വൈസറുടേയോ വയറിങ് പൂര്‍ത്തീകരണ സാക്ഷ്യപത്രം കെ.എസ്.ഇ.ബിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതടക്കമുള്ള നൂലാമാലകള്‍ കാരണം പലരും ഇതിന് മെനക്കെടാറില്ല. ഇതിനാലാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കണക്ടഡ് ലോഡ് ശരിയാക്കാന്‍ മാര്‍ച്ച് 31വരെ കെ.എസ്.ഇ.ബി നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത്.ഇതുപ്രകാരം 10 രൂപയുടെ അപേക്ഷാഫോറത്തില്‍ ഉപഭോക്താവ് സ്വയം പൂരിപ്പിച്ചുനല്‍കിയാല്‍ മതി.

വീട്ടില്‍ ഘടിപ്പിച്ച വൈദ്യുതി ഉപകരണങ്ങളുടെ വിവരം, എണ്ണം എന്നിവ ഇതില്‍ രേഖപ്പെടുത്തണം. അംഗീകൃത വയറിങ് കോണ്‍ട്രാക്ടറുടെയോ സൂപ്പര്‍വൈസറുടെയോ മേല്‍നോട്ടത്തിലാണ് വീട്ടിലെ വയറിങ് ചെയ്തതെന്ന് ഉപഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. കോണ്‍ട്രാക്ടറുടെയോ സൂപ്പര്‍വൈസറുടെയോ സാക്ഷ്യപത്രം ആവശ്യമില്ല. 25 രൂപ അപേക്ഷാഫീസ്, ടെസ്റ്റിങ് ഫീസ് എന്നിവയും അടക്കണം. എല്‍.ടി സിംഗ്ള്‍ ഫേസിന് 25 രൂപയും ത്രീ ഫേസിന് 50 രൂപയുമാണ് ടെസ്റ്റിങ് ഫീസ്. ഇതോടൊപ്പം ഉപഭോക്താക്കളുടെ തെറ്റായവിവരങ്ങള്‍ തിരുത്താനും അവസരമുണ്ട്.

നിലവില്‍ പലരുടെയും പേര്, മേല്‍വിലാസം എന്നിവ കെ.എസ്.ഇ.ബിയുടെ ബില്ലിങ് സോഫ്റ്റ് വെയറില്‍ അടക്കം തെറ്റായാണുള്ളത്. ചിലരുടേത് തീരെ ചേര്‍ത്തിട്ടുമില്ല. ഇത് നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. ശരിയായവിവരങ്ങളുള്ള ഫോട്ടോപതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ ഇത്തരം വിവരങ്ങള്‍ തിരുത്താനും മാര്‍ച്ച് 31വരെ അവസരം നല്‍കും. 50 രൂപ അപേക്ഷാഫീസും നല്‍കിയാല്‍ മറ്റ് നടപടിക്രമങ്ങള്‍ ഇല്ലാതെതന്നെ തിരുത്തലുകള്‍ വരുത്താം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.