എം.എം. ലോറന്‍സിന്‍റെ അപകീര്‍ത്തി കേസ്: ഗൗരിയമ്മ ഖേദപ്രകടനം നടത്തി

കൊച്ചി: സി.പി.എം നേതാവായ എം.എം. ലോറന്‍സിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ ഖേദപ്രകടനം നടത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തന്‍െറ ലെറ്റര്‍ഹെഡിലാണ് ഗൗരിയമ്മ ഖേദപ്രകടനം അറിയിച്ച് കത്ത് നല്‍കിയത്. അപകീര്‍ത്തികരമായ പ്രസ്താവനക്ക് ഗൗരിയമ്മക്കെതിരെ എം.എം. ലോറന്‍സ് നല്‍കിയ കേസില്‍ സി.ജെ.എം കോടതിയില്‍ നടപടി നടന്നുവരവെയാണ് ഖേദപ്രകടനം.
1968ലെ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ താനായിരുന്നെന്നും എം.എം. ലോറന്‍സ്  താമസിച്ചുവരുന്ന വസ്തുവകകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സമാഹരിച്ച പണമുപയോഗിച്ച് വാങ്ങിയതാണെന്നുമായിരുന്നു പ്രസ്താവന. 2009ലെ മലയാള മനോരമ, ജനശക്തി ഓണപ്പതിപ്പിലെ അഭിമുഖത്തിലാണ് ഗൗരിയമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 1963ലെ ആധാരപ്രകാരം ലോറന്‍സ് വാങ്ങിയതാണ് ഈ വകകളെന്നാണ് മനസ്സിലാക്കിയതെന്നും തന്‍െറ വാക്കുകള്‍  തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നും ഗൗരിയമ്മ കോടതിയെ അറിയിച്ചു.  തെറ്റായ വിവരങ്ങള്‍ വരാനിടയായതിലൂടെ എം.എം. ലോറന്‍സിനും കുടുംബത്തിനുമുണ്ടായ മാനഹാനിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് കത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.