വിവരാവകാശ കമീഷന്‍ നിയമനം വിവാദത്തിലേക്ക്; ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ നീക്കം

തൃശൂര്‍: കമീഷണറുടേതുള്‍പ്പെടെ സംസ്ഥാന വിവരാവകാശ കമീഷനിലെ നിയമനം വിവാദത്തിലേക്ക്. സര്‍ക്കാറിന്‍െറ ശിപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിവരാവകാശ പ്രവര്‍ത്തകര്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിയോജിപ്പോടെ ഗവര്‍ണറുടെ പരിഗണനക്കായി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത പട്ടികയില്‍ സുപ്രീംകോടതി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം. പോളിനെയും കമീഷണര്‍മാരായി എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, കെ.പി. അബ്ദുല്‍മജീദ്, അഡ്വ. റോയ്സ് ചിറയില്‍, പി.ആര്‍. ദേവദാസ് എന്നിവരെയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി ശിപാര്‍ശ ചെയ്തത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ കമീഷണര്‍മാരായി നിയമിക്കണമെന്നാണ് വ്യവസ്ഥ. 

എന്നാല്‍, ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ക്കും സാമുദായിക സംഘടനകള്‍ക്കും സ്ഥാനങ്ങള്‍ വീതംവെച്ചെന്നാണ് ആരോപണം. നമിത് ശര്‍മ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഷ്ട്രീയ വീതംവെപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് വിയോജിച്ചത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ കോടതിയുടെ പ്രതികൂല പരാമര്‍ശം നേരിട്ട വിന്‍സന്‍ എം. പോളിന്‍െറ നിയമനവും ചോദ്യം ചെയ്യപ്പെടുകയാണ്. കമീഷണര്‍ നിയമനത്തില്‍ വിശ്വാസ്യത ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം വിന്‍സന്‍ എം. പോളിന്‍െറ കാര്യത്തില്‍ പാലിച്ചില്ലത്രേ.

വിവരാവകാശ കമീഷന്‍ അംഗമാകാനുള്ള 269 പേരുടെ പട്ടികയില്‍നിന്ന് കമീഷണര്‍ ഉള്‍പ്പെടെ ആറ് പേരുടെ നിയമനത്തില്‍ രാഷ്ട്രീയം കലര്‍ന്നതായും ആരോപണമുണ്ട്. മൂന്ന് പേരുടെ വീതം പാനല്‍ തയാറാക്കി ഗവര്‍ണറുടെയും സമിതിയുടെയും അനുമതിക്ക് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ ആറ് സ്ഥാനങ്ങളിലേക്ക് 18 പേരുകള്‍ ശിപാര്‍ശ ചെയ്യപ്പെടണം. 
അതുണ്ടായില്ല. സാമുദായിക പരിഗണനയില്‍ ശിപാര്‍ശ ചെയ്യപ്പെട്ട ഒരംഗം ചട്ടവിരുദ്ധമായാണ് പട്ടികയില്‍പെട്ടത്. പി.എസ്.സി അംഗമായിരുന്നയാള്‍ സര്‍ക്കാറിന്‍െറ മറ്റ് പദവികള്‍ വഹിക്കാന്‍ പാടില്ളെന്ന വ്യവസ്ഥ ഇതിലൂടെ ലംഘിക്കപ്പെട്ടു. ഗവര്‍ണര്‍ക്ക് പരാതി നല്‍കുന്നതിന് പുറമെ നിയമ നടപടികളും വിവരാവകാശ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.