തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഡല്‍ഹിക്ക്. എസ്.എന്‍.സി- ലാവലിന്‍ കേസില്‍ സി.പി.എമ്മിനും പിണറായിക്കും ആശ്വാസം നല്‍കുന്ന ഹൈകോടതി നടപടിക്ക് പിന്നാലെയാണ് ഇരുനേതാക്കളും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചക്ക് പോകുന്നത്. പി.ബി ഉപസമിതിയുടെ ചര്‍ച്ചക്കായാണ് യാത്രയെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കം അടക്കമുള്ളവയും വിഷയമാവും.
ലാവലിന്‍ ഉയര്‍ത്തി എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും പ്രതിരോധിക്കാനുള്ള യു.ഡി.എഫ് നീക്കത്തിനാണ് ഹൈകോടതി നടപടി തിരിച്ചടിയായത്. സി.പി.എമ്മിനും പിണറായി വിജയനും ലഭിച്ച നേട്ടം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ എല്‍.ഡി.എഫിന് രാഷ്ട്രീയ മുന്‍തൂക്കം നല്‍കുന്നതായി. രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുന്നതാണ് കോടതി നടപടിയെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. ഭരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലാവലിന്‍ കേസില്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ദുഷ്ടലാക്കോടെയായിരുന്നു എന്ന ആക്ഷേപമാണ് സി.പി.എം ഉയര്‍ത്തിയിരുന്നത്.
യു.ഡി.എഫിന്‍േറത് രാഷ്ട്രീയനീക്കമെന്ന തങ്ങളുടെ ആക്ഷേപം ശരിവെക്കുന്ന കോടതി പരാമര്‍ശം ഗുണം ചെയ്യുമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും രാഷ്ട്രീയമായി ആക്രമിക്കാനുള്ള ഏക ആയുധമായ ലാവലിന്‍ വിഷയത്തിനാണ് താല്‍ക്കാലികമായെങ്കിലും തിരശ്ശീല വീഴുന്നതെന്നും ഇവര്‍ തിരിച്ചറിയുന്നു. ലാവലിന്‍ വിഷയം ചര്‍ച്ചയാക്കാതെ ബാര്‍, സോളാര്‍ കുംഭകോണങ്ങള്‍ എടുത്ത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന നീക്കം ശക്തമാക്കുകയാവും സി.പി.എം ചെയ്യുക.
ഇതോടൊപ്പമാണ് പിണറായിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനംകുറിക്കാന്‍ കഴിഞ്ഞെന്ന നേട്ടവും. പാര്‍ട്ടിയുടെ പടനായകന്‍തന്നെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവുമെന്നത് അണികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രതിഫലിക്കുമെന്നും കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.