തിരുവമ്പാടി: എസ്.എസ്.എല്‍.സി പരീക്ഷക്ക് 11 ദിവസം മാത്രം ശേഷിക്കെ പഠന വൈകല്യമുള്ള കുട്ടികളുടെ പരീക്ഷാനുകൂല്യത്തിനുള്ള ഉത്തരവിറങ്ങിയില്ല. സംസ്ഥാനത്ത് 10,000ത്തിലധികം വിദ്യാര്‍ഥികളാണ് പഠനവൈകല്യ പരീക്ഷാനുകൂല്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അഞ്ചുമാസം മുമ്പ് പുറത്തിറക്കിയ നിര്‍ദിഷ്ട ഫോമില്‍ ഗവ. സൈക്യാട്രി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുട്ടികളാണ് ഉത്തരവിറങ്ങാത്തതുമൂലം ആശങ്കയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ചില ജില്ലകളില്‍ പഠനവൈകല്യമുള്ള കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണത്രെ ഉത്തരവ് വൈകുന്നതിന് കാരണം.
കോഴിക്കോട്, എറണാകുളം, കോട്ടയം ജില്ലകളില്‍ പഠന വൈകല്യമുള്ള കുട്ടികള്‍ കൂടുതലുള്ള ചില വിദ്യാലയങ്ങളില്‍ ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജന്‍െറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. ഗവ. ഡോക്ടറുടെ പഠന വൈകല്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുട്ടികളെ പരിശോധക സംഘം വീണ്ടും സ്ക്രീനിങ്ങിന് വിധേയമാക്കി.
സംഘത്തിലുണ്ടായിരുന്ന റിസോഴ്സ് അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസങ്ങളിലായി 45ഓളം സ്കൂളുകളിലാണ് ഐ.ഇ.ഡി സെല്‍ ഡി.ഡി.ഇ സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ കുട്ടികള്‍ക്ക് പരീക്ഷാനുകൂല്യം പ്രതീക്ഷിച്ചിരിക്കെ വീണ്ടും സ്ക്രീനിങ് നടത്തിയത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരിക്കയാണ്. ഡി.ഡി.ഇ സ്ക്വാഡിന്‍െറ ‘പരീക്ഷ’ പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് മാനസിക പീഡനമായെന്ന് ചില പ്രധാനാധ്യാപകര്‍ പരാതിപ്പെട്ടു. പഠനവൈകല്യ നിര്‍ണയം അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടത്താനാവില്ലത്രെ.
ശരാശരിയോ അതില്‍ കൂടുതലോ ബുദ്ധിശേഷിയുള്ള ശരിയായ പഠനാനുഭവങ്ങള്‍ ലഭിച്ച കുട്ടികളില്‍ വായന, എഴുത്ത്, ഗണിതം എന്നിവയില്‍ പ്രയാസമനുഭവിക്കുന്ന അവസ്ഥയാണ് പഠനവൈകല്യം. ഐ.ക്യൂ അസസ്മെന്‍റ് നടത്തിയശേഷം ഡോക്ടര്‍ക്ക് മാത്രമേ വൈകല്യം നിര്‍ണയിക്കാനാകൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എസ്.എസ്.എല്‍.സി പരീക്ഷക്ക് സ്ക്രൈബ്, വ്യാഖ്യാതാവ്, അധികസമയം എന്നീ ആനുകൂല്യങ്ങളാണ് പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറുള്ളത്. ഇതനുവദിച്ചില്ളെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ആനുകൂല്യമില്ല
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള എല്ലാ കുട്ടികള്‍ക്കും എസ്.എസ് .എല്‍.സി പരീക്ഷക്ക് ഇത്തവണ പഠനവൈകല്യ പരീക്ഷാ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ളെന്ന് ഐ.ഇ.ഡി സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വിജയശതമാന വര്‍ധനക്കായി ചില സ്കൂളുകള്‍ അനര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. എറണാകുളത്തും കോഴിക്കോട്ടും 1000 രൂപ നല്‍കിയാല്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കൃത്രിമമായി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവര്‍ കോടതിയെ സമീപിച്ചാല്‍ നേരിടാന്‍ തെളിവുകളുണ്ടെന്നും ഡി.ഡി.ഇ ആര്‍. രാജന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.