ന്യൂമാന്‍ കോളജില്‍ കാറിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്

തൊടുപുഴ: കോളജ് കാമ്പസിനുള്ളില്‍ അമിത വേഗത്തില്‍ വിദ്യാര്‍ഥി ഓടിച്ച കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചു തെറിപ്പിച്ചു. തലക്കും കാലിനും പരിക്കേറ്റ ന്യൂമാന്‍ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഗോപിക ജയനെ (19) തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ സിബി ജോസാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി തൊടുപുഴ എസ്.ഐ അരുണ്‍ നാരായണ്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ശാസ്താംകോട്ട ഡി.ബി കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതിന്‍െറ സമാനസംഭവമാണ് തൊടുപുഴയിലും ആവര്‍ത്തിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ക്ളാസ് വിട്ട് വിദ്യാര്‍ഥികള്‍ പുറത്തേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തില്‍ വിദ്യാര്‍ഥി ഓടിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് നടന്നുപോകുകയായിരുന്ന ഗോപികയെ പത്തടി ദൂരത്തേക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇവിടെ ടൈല്‍ പാകുന്നതിനായി മണല്‍ ഇറക്കിയിരുന്നു. ഇതില്‍ ഇടിച്ചശേഷമാണ് വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറിയത്. ഈ സമയം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പരിക്കേറ്റു കിടന്ന ഗോപികയെ ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ അമിത വേഗത്തില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വാഹനം തടഞ്ഞെങ്കിലും ഓടിച്ച വിദ്യാര്‍ഥി രക്ഷപ്പെട്ടു. നിയമം ലംഘിച്ച് കോളജ് കാമ്പസിനുള്ളില്‍ വാഹനം കയറ്റിയ സംഭവത്തിലും വിദ്യാര്‍ഥിനിയെ ഇടിച്ചു പരിക്കേല്‍പിച്ചതും ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. അപകടത്തിനിടയാക്കിയ കാര്‍  വാടകക്ക് എടുത്തതാണെന്ന് സൂചനയുണ്ട്.

കാര്‍  കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും എസ്.ഐ വ്യക്തമാക്കി. വിദ്യാര്‍ഥിനിക്ക് ഗുരുതരമായ പരിക്കുകളില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.