കൊച്ചി: മന്ത്രി ആര്യാടൻ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സോളാർ കമീഷനിൽ വീണ്ടും സരിത എസ്.നായർ. 2011 ഡിസംബറിൽ മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നൽകിയാൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്ന് കേശവൻ പറഞ്ഞു. ഡിസംബർ ആറിന് വൈകീട്ട് ആര്യാടൻ മുഹമ്മദിന്‍റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിലെത്തി ആദ്യ ഗഡുവായ 25 ലക്ഷം നൽകി. ബിഗ് ഷോപ്പറിൽ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. പിന്നീട് കോട്ടയത്ത് നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സിന്‍റെ പരിപാടിക്കിടെ 15 ലക്ഷം രൂപയും നൽകി. സോളാർ നിക്ഷേപകർ നൽകിയ പണമാണ് കോഴയായി നൽകിയത്.
പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. സോളാർ കമീഷനിൽ സരിതയുടെ ക്രോസ് വിസ്താരം തുടരുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് സരിത ഇക്കാര്യങ്ങൾ പറഞ്ഞത്. മുമ്പ് പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും സരിത പറഞ്ഞു.
കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.