1. യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യത്തിൽ നിന്ന്, 2. വൈശാഖൻ തമ്പി

'നിങ്ങൾ രഹസ്യമായി ചെയ്യുന്ന വൃത്തികേട് പരസ്യമായി ചെയ്തതിന് ഒരുത്തൻ പിടിക്കപ്പെട്ടാൽ അവനെ ആദ്യം തല്ലുന്നത് മിക്കവാറും നിങ്ങളായിരിക്കും, കാൽക്കാശിന് സാമൂഹികപ്രസക്തിയില്ലാത്ത ഒരു പേട്ടുക്കൂട്ടം'

കോഴിക്കോട്: സോഷ്യൽമീഡിയ ബിഹേവിയറിനെ നയിക്കുന്നത്. 'സമൂഹ'മാധ്യമം എന്ന് പേരേയുള്ളൂ, ഇവിടെ നടക്കുന്ന ഒന്നിനേയും 'സമൂഹത്തിൽ' നടക്കുന്നതായി കണക്കാക്കരുതെന്നും സോഷ്യൽമീഡിയ പ്രൊഫൈലും അതിന് പിന്നിലുള്ള മനുഷ്യനും തമ്മിൽ അതിഭീകരമായ വ്യത്യാസമുണ്ടെന്നും ശാസ്ത്രഗവേഷകനും എഴുത്തുകാരനുമായ ഡോ. വൈശാഖൻ തമ്പി.

ലൈംഗിക അതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കുകയും ആരോപണം ഉന്നയിച്ച യുവതി അറസ്റ്റിലാകുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ഇപ്പോ ആൾക്കൂട്ടം ആ പെൺകുട്ടിയുടെ പിറകേയാണ്. അവനെ വിചാരണ ചെയ്ത അതേ ശൈലിയിൽ അവളെ വിചാരണ ചെയ്ത് ആസ്വദിക്കുകയാണ് ആ ആൾക്കൂട്ടം. നിങ്ങൾക്ക് വേണമെങ്കിൽ അവനും അവൾക്കും ഇടയിൽ ഒരു പക്ഷം പിടിക്കാം. നീതിയോ നിയമമോ ധാർമികതയോ ഒക്കെ വെച്ച് സാധൂകരിയ്ക്കാവുന്ന ഒരു പക്ഷമുണ്ട് അവിടെ. പക്ഷേ ആ ആൾക്കൂട്ടത്തിന് അതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും വൈശാഖൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു.

വൈശാഖൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"എന്താണ് അയാളെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത്? ഒരു പെൺകുട്ടി അയാളെ തെറ്റിദ്ധരിച്ചതാണോ? അതോ, അയാളുടെ വീഡിയോ റെക്കോർഡ് ചെയ്ത് തെറ്റായി വ്യാഖ്യാനിച്ചതാണോ? ഒരു പെൺകുട്ടി തെറ്റിദ്ധരിച്ചു, വീഡിയോ എടുത്ത് തെറ്റായി വ്യാഖ്യാനിച്ചു എന്നതൊക്കെ ആത്മഹത്യയ്ക്ക് തോന്നിക്കുന്നത്ര ഗുരുതരമാണോ? അല്ല!

അത് ഗുരുതരമാവുന്നത് ആ വീഡിയോ വെച്ച് അയാളെ പൊതുവേദിയിൽ കൂട്ടം ചേർന്ന് ആക്രമിയ്ക്കുകയും അധിക്ഷേപിയ്ക്കുകയും ചെയ്യുന്നിടത്താണ്. മനുഷ്യർക്ക് താങ്ങാൻ പറ്റാതാവുന്നത് ആ ആൾക്കൂട്ട ആക്രമണമാണ്. അതാണ് ആത്മഹത്യയിലേയ്ക്ക് തള്ളിയിടുന്നത്! ആ പെൺകുട്ടി അതിന് വഴിയൊരുക്കിയിട്ടുണ്ടാകാം, പക്ഷേ ആ പെൺകുട്ടിയല്ല അത് ചെയ്തത്!

ആ മനുഷ്യനോട് സഹതാപം കാണിക്കുന്നിടത്ത് ഈ ആൾക്കൂട്ടത്തിന് എന്തെങ്കിലും ഉത്തരവാദിത്വം ഉള്ളതായി നിങ്ങൾ കാണുന്നുണ്ടോ? ഉണ്ടാവില്ല. ആൾക്കൂട്ടം എന്നത് അങ്ങനെയാണ്. അതിന് പേരും വ്യക്തിത്വവും അഡ്രസ്സും ഉത്തരവാദിത്വവും ഒന്നുമില്ല! പക്ഷേ അത് അപകടകാരിയാണ്, it's deadly!

ഇപ്പോ ആൾക്കൂട്ടം ആ പെൺകുട്ടിയുടെ പിറകേയാണ്. അവനെ വിചാരണ ചെയ്ത അതേ ശൈലിയിൽ അവളെ വിചാരണ ചെയ്ത് ആസ്വദിക്കുകയാണ് ആ ആൾക്കൂട്ടം. നിങ്ങൾക്ക് വേണമെങ്കിൽ അവനും അവൾക്കും ഇടയിൽ ഒരു പക്ഷം പിടിയ്ക്കാം. നീതിയോ നിയമമോ ധാർമികതയോ ഒക്കെ വെച്ച് സാധൂകരിയ്ക്കാവുന്ന ഒരു പക്ഷമുണ്ട് അവിടെ. പക്ഷേ ആ ആൾക്കൂട്ടത്തിന് അതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിയമബോധമോ നീതിബോധമോ ധാർമികതയോ ഒന്നുമല്ല ആ ആൾക്കൂട്ടത്തെ നയിക്കുന്നത്. അത് മനുഷ്യരെ ജഡ്ജ് ചെയ്ത് മറിക്കുന്നതിലുള്ള ആനന്ദം മാത്രമാണ്. Pure visceral pleasure!

നേർക്കുനേരെ ആവുമ്പോൾ ഒരുത്തനെ കുറ്റപ്പെടുത്തുന്നതിലും അധിക്ഷേപിക്കുന്നതിലും ഒക്കെ ഒരു റിസ്ക്കുണ്ട്. അത് തെളിയിക്കേണ്ട ബാധ്യത വരാം, ഈ പറയുന്നവൻ പണ്ട് ചെയ്ത വൃത്തികേട് വേറൊരാൾ ചൂണ്ടിക്കാണിച്ചേക്കാം, തിരിച്ച് തല്ലോ തെറിയോ കിട്ടാം, എന്നിങ്ങനെ പല അപകടങ്ങൾ അതിലുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പൂർണമായും റിസ്ക്ക്-ഫ്രീ ആണ്. സെയ്ഫായിരുന്ന് വായിൽ വരുന്നതെന്തും വിളിച്ചുപറയാം. അതാണ് സോഷ്യൽ മീഡിയ ആൾക്കൂട്ടത്തെ ഇത്രയും ഡെഡ്ലി ആക്കുന്നത്. അതിന് ഇരകളെ ആവശ്യമുണ്ട്, ധാർമികതയല്ല അവിടത്തെ മാനദണ്ഡം. ഇൻഡിവിജ്വൽ എന്ന നിലയിൽ ഇത് തിരിച്ചറിഞ്ഞ് കരുതിയിരിക്കുക എന്നത് മാത്രമേ ഇവിടെ ചെയ്യാനാകൂ.

തങ്ങൾ അധിക്ഷേപിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കാനുള്ള മാനസികശേഷിയില്ലാത്ത കുറേ പാവങ്ങളെ ഇതേ ആൾക്കൂട്ടം സെലിബ്രിറ്റികൾ പോലും ആക്കിയിട്ടുണ്ട്. ഇടിച്ചാലും ഇടിച്ചാലും കീറിപ്പോകാത്ത പഞ്ച് ബാഗ് ഇത്തരം ആൾക്കൂട്ടങ്ങൾക്ക് സ്വാഭാവികമായും ഇഷ്ടപ്പെടുമല്ലോ.

ഇത്രയും കാലത്തെ സോഷ്യൽ മീഡിയ അനുഭവത്തിനിടെ ഞാൻ ഏറ്റവും ആദ്യം പഠിച്ചതും, പല തവണ സ്ഥിരീകരിക്കപ്പെട്ടതുമായ ഒരു പാഠമുണ്ട്. അതാണ് എന്റെ സോഷ്യൽമീഡിയ ബിഹേവിയറിനെ നയിക്കുന്നത്. 'സമൂഹ'മാധ്യമം എന്ന് പേരേയുള്ളൂ, ഇവിടെ നടക്കുന്ന ഒന്നിനേയും 'സമൂഹത്തിൽ' നടക്കുന്നതായി കണക്കാക്കരുത്. സോഷ്യൽമീഡിയ പ്രൊഫൈലും അതിന് പിന്നിലുള്ള മനുഷ്യനും തമ്മിൽ അതിഭീകരമായ വ്യത്യാസമുണ്ട്, അത് ഒറിജിനൽ പ്രൊഫൈൽ ആണെങ്കിൽപ്പോലും. പ്രൊഫൈൽ ചെയ്യുന്നതും പറയുന്നതും പ്രൊഫൈലിന്റേതാണ്, ആ ആളിന്റേതാകണമെന്നില്ല. എന്തെങ്കിലും കാര്യത്തിന് നിങ്ങളെ ഒരുപാട് പേര് തെറിവിളിക്കുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്. തെറിവിളിയ്ക്കാൻ മാത്രം കഴിയുന്ന, കാൽക്കാശിന് സാമൂഹികപ്രസക്തിയില്ലാത്ത ഒരു പേട്ടുക്കൂട്ടമായിരിക്കും മിക്കപ്പോഴുമത്. അതിനെ സമൂഹമായി തെറ്റിദ്ധരിയ്ക്കരുത്. ശല്യമായി തോന്നിയേക്കാം, പക്ഷേ സീരിയസ്സായി എടുക്കരുത്. ഫ്രീടൈം ഉണ്ടെങ്കിൽ മാത്രം, just sit back and watch the show! But be detached!

ഒരു കാര്യം കൂടി ഓർക്കണം, നിങ്ങൾ രഹസ്യമായി ചെയ്യുന്ന വൃത്തികേട് പരസ്യമായി ചെയ്തതിന് ഒരുത്തൻ പിടിക്കപ്പെട്ടാൽ അവനെ ആദ്യം തല്ലുന്നത് മിക്കവാറും നിങ്ങളായിരിക്കും! അത് ധാർമികബോധമല്ല! അതല്ല ന്യായവിചാരണ!"


Full View


Tags:    
News Summary - Vaisakhan Thampi's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.